Breaking News

ജില്ലയിലെ ജനങ്ങൾ വർഷങ്ങളായി നേരിടുന്ന രൂക്ഷമായ റെയിൽവേ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണാൻ സമഗ്ര നിർദ്ദേശങ്ങളുമായി ജില്ലാ ഭരണ സംവിധാനത്തിന്റെ മാസ്റ്റർ പ്ലാൻ..


കാസർകോട്ജില്ലയിലെ ജനങ്ങൾ വർഷങ്ങളായി നേരിടുന്ന രൂക്ഷമായ റെയിൽവേ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണാൻ സമഗ്ര നിർദ്ദേശങ്ങളുമായി ജില്ലാ ഭരണ സംവിധാനത്തിന്റെ മാസ്റ്റർ പ്ലാൻ. കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുന്ന 18 പ്രധാന ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്നും കാസർകോട് സ്റ്റോപ്പില്ലാത്ത പ്രധാന സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് കലക്ടർ അർജുൻ പാണ്ഡ്യൻ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവത്തർക്ക് അയച്ച കത്തിൽ ഉന്നയിച്ചത്.കലക്ടറുടെ ചേമ്പറിൽ റെയിൽവേ ഉദ്യോഗസ്ഥരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം സമർപ്പിച്ചത്.തെക്കൻ കേരളത്തിൽനിന്ന് പുറപ്പെടുന്ന നിരവധി ട്രെയിനുകൾ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുകയാണ്. അതുപോലെ വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ നിന്നുള്ള സർവീസുകൾ മംഗളൂരുവിലും നിർത്തുന്നു. ഇതുകാരണം കാസർകോട്ടേക്ക് വരേണ്ട പ്രവാസികൾ, വിദ്യാർഥികൾ, രോഗികൾ, തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ അർദ്ധരാത്രിയിലും പുലർച്ചെയും മണിക്കൂറുകളോളം ട്രെയിൻ ഇല്ലാത്തതിനാൽ ഇന്റർമീഡിയറ്റ് സ്റ്റേഷനുകളിൽ കാത്തുനിൽക്കേണ്ടി വരുന്നു. കാസർകോട് സ്റ്റേഷനിൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ ഇല്ലാത്തതും മുന്പുണ്ടായിരുന്ന ചില പാസഞ്ചർ സർവീസുകൾ നിർത്തലാക്കിയതും ജനങ്ങളുടെ ദൈനംദിന യാത്രകളെയും പ്രാദേശിക വികസനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. നിലവിൽ സ്റ്റോപ്പ് അനുവദിക്കാത്ത മൂന്ന് പ്രധാന സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് അടിയന്തരമായി കാസർകോട്ട് സ്റ്റോപ്പ് അനുവദിക്കണമെന്നും നിർദ്ദേശിച്ചു. കോവിഡ് കാലത്ത് നിർത്തലാക്കിയ മംഗളൂരു - കണ്ണൂർ പാസഞ്ചർ സർവീസും ബൈന്ദൂർ- കാസർകോട് പാസഞ്ചർ സർവീസും പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു.

No comments