ജില്ലയിൽ രേഖകൾ ഇല്ലാതെ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാർക്കെതിരെ പൊലീസ് നടപടി ശക്തമാക്കി
കാഞ്ഞങ്ങാട്ട്: രേഖകൾ ഇല്ലാതെ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാർക്കെതിരെ ജില്ലയിൽ പൊലീസ് നടപടി ശക്തമാക്കി. ചൊവ്വാഴ്ച കാഞ്ഞങ്ങാട്ട് ബംഗ്ലാദേശ് സ്വദേശിനിയായ സൽമ കാത്തുലി (31)യെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് നടപടി ഊർജ്ജിതമാക്കിയത്. വർഷങ്ങളായി മലപ്പുറം, പെരിന്തൽമണ്ണയിൽ താമസിച്ച് വരുന്ന സൽമ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനു സമീപത്തു വച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കാഞ്ഞങ്ങാട്ടുകാരനായ ഒരാൾ ജോലി തരപ്പെടുത്തി തരാമെന്നു ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട്ട് എത്തിയതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. പ്രസ്തുത ആൾ ആരാണെന്നു കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. സൽമയെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. ഇതിനിടയിലാണ് കാത്തുലിയുമായി ബന്ധം ഉണ്ടെന്നു സംശയിക്കുന്ന യുവതീ-യുവാക്കൾ പള്ളിക്കരയിൽ പൊലീസിന്റെ വലയിലായതെന്നാണ് സൂചന .കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കേരളത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരെ കണ്ടെത്താൻ പൊലീസ് സംസ്ഥാനത്തെ മറ്റു ജില്ലകളിലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
No comments