Breaking News

"മനുഷ്യദുരിതം കാണാതെയുള്ള പരിസ്ഥിതിവാദത്തിന് അർത്ഥമില്ല " വെള്ളരിക്കുണ്ടിൽ നടന്ന കർഷകസ്വരാജ് പ്രതിഷേധ ധർണ്ണ അമ്പലത്തറ കുഞ്ഞുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: പരിസ്ഥിതി സംരക്ഷണപ്രവർത്തനം മനുഷ്യനെകൂടി സംരക്ഷിക്കാനുള്ള താവണമെന്ന് പ്രമുഖ പരിസ്ഥിതി പൗരാവകാശ പ്രവർത്തകൻ അമ്പലത്തറ കുഞ്ഞുകൃഷ്ണൻ അഭിപ്രായപ്പെട്ടു.വന്യജീവി ശല്യത്തിന് പരിഹാരം കാണാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രവർത്തനങ്ങൾക്ക് പരിസ്ഥിതിവാദമുയർത്തി ഇടങ്കോലിടാൻ ശ്രമിക്കുന്ന കോ എക്സിറ്റൻസ് കലക്ടീവിൻ്റെ പ്രചരണങ്ങൾക്കെതിരെയുള്ള പ്രതിഷേധ ധർണ്ണ വെള്ളരിക്കുണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകൻ്റെയും ആദിവാസിയുടെയും ദുരിതം അവഗണിക്കുന്ന സമീപനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷക സംഘടനാബന്ധമുള്ള ഒരാളെ വനം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുൾപ്പെടുത്തി, വനമേഖലകളുടെ വന്യമൃഗവാഹ ശേഷി സംബന്ധിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെ കൊണ്ട് പഠനം നടത്തിക്കാനുള്ള നീക്കം, നാട്ടിൽ നാശം വിതക്കുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള പ്രവർത്തനങ്ങൾ, 1972 ലെ വന്യജീവി സംരക്ഷണനിയമ ഭേദഗതി ആവശ്യമാണെന്ന വനം മന്ത്രിയുടെ നിലപാട് തുടങ്ങിയ കാര്യങ്ങൾ ഉയർത്തി വനം മന്ത്രിയെ നിയന്ത്രിക്കണമെന്ന ആവശ്യമുന്നയിച്ച് കോ എക്സിസ്‌റ്റൻ കളക്ടീവ് എന്ന പേരിൽ രാഹുൽ ഗാന്ധിക്ക് കത്തെഴുതുകയും സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കു
കയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കപ്പെട്ടത്.

പരിസ്ഥിതി പ്രവർത്തകരുടെയും ശാസ്ത്രജ്ഞൻമാരുടെയുമെല്ലാം കൂട്ടായ്മ എന്നവകാശപ്പെടുന്ന കോ എക്സിസ്റ്റൻസ് കളക്ടീവിലെ ആളുകൾ പട്ടണങ്ങളിൽ നിന്ന് വരട്ടു പരിസ്ഥിതി വാദമുയർത്താതെ വനാതിർത്തിമേഖലയിൽ സ്ഥിരതാമസമാക്കുകയും കാർഷികജീവിതം നയിക്കുകയും ചെയ്ത് കോ എക്സിസ്റ്റൻസിന് മാതൃക കാണിക്കണമെന്ന് കർഷകസ്വരാജ് സത്യാഗ്രഹ സമിതി നേതാക്കൾ ആവശ്യപ്പെട്ടു. കുറഞ്ഞ പക്ഷം വനം വകുപ്പ് ജീവനക്കാരുടെ ഓഫീസും ക്വാർട്ടേഴ്സുകളും വനാതിർത്തി മേഖലകളിലേക്ക് മാറ്റാനുള്ള ആവശ്യമുയർത്താനെങ്കിലും കോ എക്‌സിസ്റ്റൻസ് വക്താക്കൾ സന്നദ്ധമാവണമെന്നും സത്യാഗ്രഹസമിതി ആവശ്യപ്പെട്ടു. 

വന്യജീവി ശല്യത്തിന് പരിഹാരം കാണാനുള്ള സർക്കാർ ശ്രമത്തെ തടസ്സപ്പെടുത്തുന്നവരെ തുറന്നു കാണിക്കാനുള്ള സംസ്ഥാന തല കാമ്പയിൻ ഈ മാസം 22 ന് സുൽത്താൻ ബത്തേരിയിലാണ് ആരംഭിച്ചത്. ആദ്യ ഘട്ടമെന്ന നിലയിൽ വെള്ളരിക്കുണ്ടിനു പുറമെ
പാലക്കാട് ,തൃശൂർ, ഈരാറ്റുപേട്ട എന്നിവടങ്ങളിൽ ഈ മാസം തന്നെ പ്രതിഷേധ ധർണ്ണയും പൊതുസമ്മേളനവും നടക്കും ജൂലായ് 23 ന് തിരുവനന്തപുരത്തുവച്ച് 1972-ലെ വന്യജീവി സംരക്ഷണനിയമ ഭേദഗതി ആവശ്യപ്പെട്ട് ദേശീയ കൺവൻഷൻ സംഘടിപ്പിക്കും. കൺവൻഷനിൽ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടന പ്രതിനിധികൾ പങ്കെടുക്കും. ആഗസ്റ്റ് ആദ്യ വാരത്തിൽ വയനാട്ടിൽ വച്ച് യാഥാർത്ഥ്യ ബോധമുള്ള പരിസ്ഥിതി പൗരാവകാശ പ്രവർത്തകരുടെയും കർഷകരുടെയും ആദിവാസികളുടെയും കൺവൻഷനും സംഘടിപ്പിക്കും

വെള്ളരിക്കുണ്ടിലെ പ്രതിഷേധ ധർണ്ണ യിൽ പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഷോണി കാരിക്കാട്ട് ,പുഴക്കരകുഞ്ഞികണ്ണൻ നായർ, ബേബി ചെമ്പരത്തി പി സി രഘുനാഥൻ നായർ ജിമ്മി ഇടപ്പാടി, ഡോളി തടത്തിൽ, ജോസ് വടക്കേപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ജോസ് മണിയങ്ങാട്ട് സ്വാഗതവും ജിജി കുന്നപ്പള്ളി കൃതജ്ഞതയും പറഞ്ഞു.

No comments