Breaking News

എൻഡോസൾഫാൻ രോഗികൾക്ക് ആശ്വാസമാകേണ്ട ആംബുലൻസ് കട്ടപ്പുറത്തായിട്ട് വർഷങ്ങൾ... പനത്തടി ഗ്രാമപ്പഞ്ചായത്തിന് സർക്കാർ അനുവദിച്ച ആംബുലൻസാണ് മൂന്ന് വർഷമായി ആർക്കും ഉപകാരമില്ലാതെ ആസ്പത്രി വളപ്പിൽ നശിക്കുന്നത്


രാജപുരം : എൻഡോസൾഫാൻ രോഗികൾക്ക് ആശ്വാസമാകേണ്ട ആംബുലൻസ് കട്ടപ്പുറത്തായിട്ട് വർഷങ്ങൾ. അസ്പത്രി പരിസരത്തുനിന്ന് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് മെഡിക്കൽ ഓഫീസർ കത്ത് നല്കി. എൻഡോസൾഫാൻ രോഗികളെ വീടുകളിൽനിന്ന് അസ്പത്രികളിലേക്ക് എത്തിക്കാനായി പനത്തടി ഗ്രാമപ്പഞ്ചായത്തിന് 2012-ൽ സർക്കാർ അനുവദിച്ച ആംബുലൻസാണ് മൂന്ന് വർഷമായി ആർക്കും ഉപകാരമില്ലാതെ ആസ്പത്രി വളപ്പിൽ നശിക്കുന്നത്. അതേത്തുടർന്നാണ് വാഹനം അവിടെനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് മെഡിക്കൽ ഓഫീസർ കത്ത് നൽകിയത്.

ഉപയോഗിക്കാതെകിടക്കുന്ന വാഹനത്തിന്റെ ഉപകരണങ്ങൾക്ക് കേടുപാട് സംഭവിക്കാൻ സാധ്യതയുണ്ടെന്നും രാത്രികാലങ്ങളിൽ പട്ടി, പൂച്ച, എലി, ഇഴജന്തുക്കൾ തുടങ്ങിയവ വാഹനത്തിൽ കയറാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ ഓഫീസറുടെ കത്തിൽ പറയുന്നു. ഒന്നുകിൽ ആംബുലൻസ് ഉപയോഗക്ഷമമാക്കണമെന്നും അല്ലാത്തപക്ഷം ആസ്പത്രി വളപ്പിൽനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് മെഡിക്കൽ ഓഫീസർ കത്ത് നൽകിയത്.

No comments