ദേശീയപാത നിർമാണത്തിലെ അപാകം.. ചെർക്കളയിൽ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു
ചെർക്കള ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത കാരണം മഴ ചെയ്യുന്പോൾതന്നെ കുണ്ടടുക്കം ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് കല്ലും മണ്ണും ഒഴുകിയെത്തുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ചെർക്കളയിൽ ദേശീയപാത ഉപരോധിച്ചു. വെള്ളി രാവിലെ എട്ടേമുക്കാലിന് ആരംഭിച്ച സമരം അരമണിക്കൂർ നീണ്ടു. കുണ്ടടുക്കത്ത് മാത്രം ഒരു ഡസനിലേറെ വീടുകളുടെ മുറ്റവും കൃഷിയിടങ്ങളും ചെളിനിറഞ്ഞിരുന്നു. മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് ഇവ നീക്കംചെയ്യുന്നത്. ഓരോ മഴയ്ക്കും ചെളിയും കല്ലുകളും താഴേക്ക് പതിക്കുന്നത് നിരവധി തവണ ശ്രദ്ധയിലപെടുത്തിയിട്ടും ദേശീയപാത നിർമാണ കന്പനി അധികൃതരും കലക്ടറും പരിഹാര നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് റോഡ് ഉപരോധ സമരവുമായി ആക്ഷൻ കമ്മിറ്റി രംഗത്തെത്തിയത്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്പോൾ സ്ഥലം സന്ദർശിച്ച് മടങ്ങുന്നതിൽ ഒതുങ്ങുകയാണ് പ്രശ്നപരിഹാരം. ശനി പകൽ ആർഡിഒയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്. ഇന്ദിരാനഗർ മുതൽ ചെർക്കള ടൗണിലൂടെയുള്ള ഓവുചാലിലൂടെയെത്തുന്ന മഴവെള്ളം പൂർണമായും താഴേക്ക് ഒഴുകിയെത്തുന്നത് തോന്നുംപോലെയാണ്. വെള്ളം കൃത്യമായി ഒഴുകാൻ കൈവഴിയുണ്ടെങ്കിലും സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ നിറഞ്ഞുകവിഞ്ഞാണ് പലവഴിക്കായി ഒഴുകുന്നത്. ഉപരോധ സമരം പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഷുക്കൂർ ചെർക്കള അധ്യക്ഷനായി. പി ശിവപ്രസാദ്, എ ആർ ധന്യവാദ്, കെ വി ബാലരാജൻ, പി ചന്തുക്കുട്ടി എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം കെ ജയകുമാരി സ്വാഗതവും കെ വരദരാജൻ നന്ദിയും പറഞ്ഞു.
No comments