Breaking News

കാസർകോടിന് ഇന്നലെ കറുത്ത ശനിയാഴ്ച. മതിൽ ഇടിഞ്ഞു വീണും കുഴിയിൽ വീണും മൂന്നു കുട്ടികളുടെ ജീവൻ പൊലിഞ്ഞത് നാടിനെ കണ്ണീരിലാഴ്ത്തി


കാസർകോട്: കാസർകോടിന് ഇന്നലെ കറുത്ത ശനിയാഴ്ച. മതിൽ ഇടിഞ്ഞു വീണും സെപ്റ്റിക് ടാങ്കിനു വേണ്ടിയെടുത്ത കുഴിയിൽ വീണും മൂന്നു കുട്ടികളുടെ ജീവൻ പൊലിഞ്ഞു. ഇരു സംഭവങ്ങളും നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ആദ്യത്തെ ദുരന്തം
ദേലംപാടി പഞ്ചായത്തിലെ അഡൂർ, സഞ്ചക്കടവ്, പെലമർവയിൽ ഉണ്ടായത്. പുതുതായി പണിത വീടിന്റെ കൽമതിൽ തകർന്നുണ്ടായ അപകടത്തിൽ പെലമർവ അബൂബക്കറിന്റെ
മക്കളായ പി മുസമ്മിൽ (14), പി മുഹമ്മദ് മുൻസീർ (10) എന്നിവരാണ് മരിച്ചത്. കൂടെ
ഉണ്ടായിരുന്ന മുഹമ്മദ് വാഹീഷി(14)നു ഗുരുതരമായി പരിക്കേറ്റു. കുട്ടി, ചെങ്കള, ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശക്തമായ മഴ കാരണം ശനിയാഴ്ച സ്കൂളിനു അവധിയായിരുന്നു. അതിനാൽ താൽക്കാലികമായി തയ്യാറാക്കിയ കടയിൽ മിഠായി വിൽക്കുകയായിരുന്നു കുട്ടികൾ. ഇതിനിടയിലാണ് ദുരന്തമെത്തിയത്. രണ്ടുമാസം മുമ്പ് ഗൃഹപ്രവേശനം നടന്ന വീടിന്റെ കൽമതിൽ ഇടിഞ്ഞു താൽക്കാലികമായി തയ്യാറാക്കിയ കടയുടെ മുകളിൽ വീഴുകയായിരുന്നു.
വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി. കുട്ടികളെ ഉടൻ പുറത്തെടുത്തു മുള്ളേരിയയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രണ്ടുപേരെ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോസ്റ്റുമോർട്ടം നടപടികൾക്കായി ജനറൽ ആശുപ്രതി മേർച്ചറിയിലേയ്ക്ക് മാറ്റി. രാത്രിയിൽ തന്നെ പോസ്റ്റുമോർട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
സൗദയാണ് മരിച്ച കുട്ടികളുടെ മാതാവ്. മുംതസീർ, മുബഷീറ എന്നിവർ സഹോദരങ്ങളാണ്. അപകടത്തിൽ ആദൂർ പൊലീസ് കേസെടുത്തു.
മധൂർ, മഞ്ചത്തടുക്കയിലെ അഹമ്മദ് സാജിദിന്റെ മകൻ മുഹമ്മദ് അയാൻ സാസിം (6) ആണ് സെപ്റ്റിക് ടാങ്ക് നിർമ്മിക്കുന്നതിനു വേണ്ടിയെടുത്ത കുഴിയിൽ വീണു മരിച്ചത്.
വൈകിട്ടോടെ കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്നു 100 മീറ്റർ ദൂരെ നിർമ്മാണത്തിലിരിക്കുന്ന വീടിനു സമീപത്ത് കുട്ടിയുടെ ചെരുപ്പ് കണ്ടെത്തുകയായിരുന്നു. ഇവിടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുഴിയിലെ വെള്ളത്തിൽ കുട്ടിയെ കണ്ടെത്തി. ഉടൻ കുട്ടിയെ ആശുപ്രതിയിൽ
എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ആസ്യുമ്മയാണ് മുഹമ്മദ് അയാൻ സാസിമിന്റെ മാതാവ്. ഏഴുമാസം പ്രായമായ യസീം സാഹിദ് സഹോദരനാണ്.



No comments