Breaking News

യാഥാർഥ്യമാകാതെ കിനാനൂർ അണ്ടോൾ-പൊതാവൂർ റോഡ് പാലം ഭയപ്പാടോടെ നടപ്പാലത്തിലെ മഴക്കാല യാത്ര


നീലേശ്വരം :അണ്ടോൾ-പൊതാവൂർ കടവിൽ തോണിമറിഞ്ഞ് അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞിട്ട് 47 വർഷമാകുന്നു. 1979 നവംബർ 19-നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അന്നേ തുടങ്ങിയതാണ് ഇവിടെയൊരു റോഡ് പാലം വേണമെന്ന മുറവിളി. ഒന്നരപ്പതിറ്റാണ്ട് മുൻപ് 200 മീറ്റർ നീളമുള്ള ഇരുമ്പ് നടപ്പാലം ഇവിടെ പണതു. മഴക്കാലത്ത് പുഴയിൽ വെള്ളം ഉയർന്ന് കൈവരിക്ക് മുകളിലൂടെ ഒഴുകും. അതിനാൽ, ഭയപ്പാടോടെയാണ് നടപ്പാലത്തിലൂടെയുള്ള മഴക്കാല യാത്ര. 

 കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജകമണ്ഡലങ്ങളിലെ കിനാനൂർ-കരിന്തളം, കയ്യൂർ-ചീമേനി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിന് കാര്യങ്കോട് പുഴയ്ക്ക് കുറുകെ നിർമിക്കാൻ നിർദേശിക്കപ്പെട്ട അണ്ടോൾ-പൊതാവൂർ റോഡ് പാലത്തിന് പൊതുമരാമത്തുവകുപ്പ് നടപടികൾ തുടങ്ങിയിരുന്നു. 250 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലും ആവശ്യമായ നടപ്പാതയോടെ പണിയാൻ ലക്ഷ്യമിടുന്ന റോഡ് പാലത്തിനും സമീപനറോഡുകൾക്കുമായി 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ നടപടികൾക്ക് ഒൻപത് ലക്ഷം രൂപയുടെ ഭരണാനുമതിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ല. ചീമേനി ഗവ. ഹയർസെക്കൻഡറി സ്കൂൾ, പള്ളിപ്പാറ ഐ.എച്ച്.ആർ.ഡി. കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ദിവസവും നടപ്പാലത്തിലൂടെ അപകടയാത്ര നടത്തുന്നത്. പുതിയ പാലം യാഥാർഥ്യമായാൽ, പ്രദേശവാസികൾക്ക് 16 കിലോമീറ്റർ ചുറ്റിക്കറങ്ങുന്നത് ഒഴിവാക്കാം.

No comments