Breaking News

പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം , "ആശിക്കും ഭൂമി ആദിവാസികൾക്ക് " ഭൂവിതരണ പദ്ധതി പുനരാരംഭിക്കണം ; മലവേട്ടുവ മഹാസഭ സർക്കാരിന് നിവേദനം നൽകി


കാസറഗോഡ് ജില്ലയിലെ മലവേട്ടുവ വിഭാഗത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  ബഹു. മുഖ്യമന്ത്രിക്കും, പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിക്കും എംവിഎംഎസ് ജില്ലാകമ്മിറ്റി നിവേദനം നൽകി.

 കാസർഗോഡ് വികസന പാക്കേജിൽ  പ്രഖ്യാപിച്ച തരത്തിൽ മലവേട്ടുവരുടെ  സർവതോൻമുഖമായ പുരോഗതിക്ക് ഉതകുന്ന പ്രത്യേക പദ്ധതികൾ ഉടൻ നടപ്പിലാക്കുക, ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഭൂമിയും ഭവന പദ്ധതികളും അനുവദിക്കുക, വിദ്യാർത്ഥി യുവജനങ്ങൾക്ക് സർക്കാർ തൊഴിൽ, അവസരങ്ങൾ, നിയമനങ്ങൾ എന്നിവയിൽ പ്രത്യേക പരിഗണന നൽകുക, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ജീവിതോപാധി മേഖലകളിൽ പ്രത്യേക ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുക, മലവേട്ടുവ വിഭാഗത്തിന്റെ സാമൂഹിക-സാംസ്കാരിക സവിശേഷതകളെ സംരക്ഷിച്ച് സമഗ്ര വികസന പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.

പട്ടികവർഗ്ഗ സമൂഹവുമായി ബന്ധപ്പെട്ട് "ആശിക്കും ഭൂമി ആദിവാസികൾക്ക്" പദ്ധതി പുനരാരംഭിക്കുക, ഭൂമിയില്ലാത്ത പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് സർവേ നടത്തി ഭൂമി അനുവദിക്കുക, "ജനനി ജന്മരക്ഷ" പദ്ധതി എല്ലാ അർഹരായവർക്കും സമഗ്രമായി ലഭ്യമാക്കുക, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും ഇ-ഗ്രാന്റ്സ് ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യുക, "വിദ്യാവാഹിനി" പദ്ധതിയിലെ വീടും സ്കൂളും തമ്മിലുള്ള ദൂരം സംബന്ധിച്ച നിബന്ധന ഒഴിവാക്കുകയോ ലഘൂകരിക്കുകയോ ചെയ്യുക, "ഊരുകൂട്ടം" സംവിധാനം കൂടുതൽ ക്രിയാത്മകമാക്കുക, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും ക്ഷേമപദ്ധതികളും കാര്യക്ഷമമായി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തി.എംവിഎംഎസ് ജില്ലാ ജനറൽ സെക്രട്ടറി ശങ്കരൻ മുണ്ടമാണി, വൈസ് പ്രസിഡന്റ് കണ്ണൻ പട്ട്ളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കടുമേനി, കുഞ്ഞിരാമൻ  കടുമേനി, രാജൻ കളക്കര, ശിവദാസ്. സി. വി  തുടങ്ങിയവരാണ് മുഖ്യമന്ത്രിയെയും, പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രിയെയും സെക്രട്ടേറിയറ്റിൽ എത്തി നേരിൽ കണ്ട്  നിവേദനം സമർപ്പിച്ചത്.

No comments