റാണിപുരത്തെ അനധികൃത മണ്ണെടുപ്പ് പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയെന്ന് ബിജെപി
പാണത്തൂർ: യാതൊരുവിധ അനുമതിയും കൂടാതെ ജെ.സി.ബി. ഉപയോഗിച്ച് റാണിപുരത്ത് വൻതോതിൽ നടത്തുന്ന മണ്ണെടുപ്പിന് പനത്തടി പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ ഒത്താശയുണ്ടെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ദിവസങ്ങളായി ജെ.സി.ബി. ഉപയോഗിച്ച് ഇവിടെ വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നുണ്ടെങ്കിലും ഇത് തടയാൻ അധികൃതർ തയ്യാറാകാത്തത് ദുരൂഹത ഉണർത്തുന്നതാണ്. അനധികൃത മണ്ണെടുപ്പിന് പിന്നിൽ ഭരണസമിതിയിലെ ചിലരുടെ വ്യക്തമായ പിന്തുണയുണ്ടെന്നും ബിജെപി കുറ്റപ്പെടുത്തി.
പഞ്ചായത്തിലെ ബിജെപി അംഗങ്ങളായ കെ.കെ. വേണുഗോപാൽ, എം. ഷിബു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി. രാമചന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റി കോഡിനേറ്റർ എം.കെ. സുരേഷ്, പി. കൃഷ്ണകുമാർ എന്നിവർ മണ്ണെടുത്ത പ്രദേശങ്ങൾ സന്ദർശിച്ചു. നിയമലംഘനം നടത്തി മണ്ണെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
No comments