റെയിൽവെയിലും ഇന്ത്യൻ ആർമിയിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ച കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ...
കാസർകോട് : റെയിൽവെയിലും ഇന്ത്യൻ ആർമിയിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ച കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കൊല്ലം, കൊട്ടാരക്കര, വാളയം, അണ്ടൂർ, പൂവത്തുങ്കൽ ഹൗസിലെ എസ് സന്തോഷ് കുമാറി (56)നെയാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കണ്ണൂരിലെ വഞ്ചനാ കേസിൽ ഹാജരാകാത്തതിനെ തുടർന്നാണ് സന്തോഷ് കുമാറിനെ കോടതി പിടികിട്ടാപ്പിള്ളിയായി പ്രഖ്യാപിച്ചത്. പ്രതിക്കെതിരെ അന്തർ സംസ്ഥാന ബന്ധം ഉള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. പ്രതി എറണാകുളം, കാക്കനാട് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എസ് പിയുടെ നിർദ്ദേശപ്രകാരം സിവിൽ പൊലിസ് ഓഫീസർമാരായ പി പി പ്രമോദ്, പി ഷിനോജ്, കെ ബിജു എന്നിവർ കാക്കനാട്ടെത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ കണ്ണൂർ, കാട്ടാക്കട, കനകക്കുന്ന്, പന്തളം, അടൂർ, ഏനാത്ത്, പുളികീഴ്, ഹരിപ്പാട് പൊലീസ് സ്റ്റേഷനുകളിലും മംഗ്ളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലുമായി 11 കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. ഇന്ത്യയിലും വിദേശത്തും സർക്കാർ- സ്വകാര്യ മേഖലകളിൽ ജോലി വാഗ്ദാനം ചെയ്തതാണ് ആളുകളിൽ നിന്നു പണം തട്ടിയെടുത്ത തെന്നു കൂട്ടിച്ചേർത്തു.
No comments