എമ്പാങ്ക്മെന്റു രീതിയിൽ ഉള്ള നിർമ്മാണം ജനങ്ങളുടെ ജീവന് ഭീഷണി; ജനകീയ കൂട്ടായ്മ 111 ദിവസം പിന്നിട്ടു
നീലേശ്വരം: രാജ്യത്തിൻ്റെ തന്നെ വിവിധ ഭാഗങ്ങളിൽ എമ്പാങ്ക്മെന്റ് (Embankment) രീതിയിലുള്ള നിർമ്മാണങ്ങൾ തകർന്നുവീഴുന്ന വാർത്തകൾ അതീവ ആശങ്കയോടെയാണ് കാണുന്നതെന്നും, അശാസ്ത്രീയമായ ഇത്തരം നിർമ്മാണങ്ങൾക്കെതിരെ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രമുഖ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകൻ ജോൺ ഐമൻ പടന്നക്കാട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നടക്കുന്ന ജനകീയ സമരത്തിൻ്റെ 111-ാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കാലം ആരംഭിച്ചതോടെ പലയിടത്തും വലിയ മൺതിട്ടകൾ ഇടിയുന്നത് സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണ് ഉയർത്തുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
യോഗത്തിൽ ജയരാജൻ കെ.പി അദ്ധ്യക്ഷത വഹിച്ചു. നിലവിലെ സാഹചര്യത്തിൽ ഇത്തരം നിർമ്മാണ രീതികളുടെ സുരക്ഷ സംബന്ധിച്ച് സമഗ്രമായ പഠനവും പരിശോധനയും അനിവാര്യമാണെന്ന് അദ്ദേഹം തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി.
ചടങ്ങിന് രാജൻ ഡി സ്വാഗതം ആശംസിച്ചു. പരിപാടിയുടെ സമാപനത്തിൽ ഹരീഷ് പി.പി ഏവർക്കും നന്ദി രേഖപ്പെടുത്തി.
No comments