കാസർഗോഡ് സ്റ്റേഷനിൽ റെയിൽവേ പാർസൽ സേവനം പുനഃ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെ സന്ദർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി കത്ത് നൽകി
കാസര്‍ഗോഡ് സ്റ്റേഷനില്‍ റെയില്‍വേ പാര്‍സല്‍ സേവനം പുന:സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ സന്ദര്‍ശിച്ച് കെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി കത്ത് നല്‍കി. ദക്ഷിണ റെയില്‍വേയുടെത് എകപക്ഷീയമായ നടപടിയാണെന്നും പ്രസ്തുത തീരുമാനം പിന്‍വലിച്ച് സര്‍വീസ് ഉടന്‍ പൂര്‍ണമായും പുന:രാരംഭിക്കണമെന്ന ആവശ്യത്തില്‍ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്ന് അദ്ദേഹത്തെ ധരിപ്പിച്ചു. നിലവില്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലെ അവശ്യസേവനമാണ് റെയില്‍വെയുടെ ഈ തീരുമാനം വഴി താറുമാറാക്കിയത്, മാത്രമല്ല കോടികള്‍ ചെലവിട്ട് വികസിപ്പിക്കുന്നുവെന്ന് പറയുന്ന സ്റ്റേഷനില്‍ അവശ്യസൗകര്യങ്ങള്‍ ഇല്ലാതാക്കുന്നത് സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെയുള്ള പലലക്ഷ്യവും മുന്നില്‍ക്കണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്റ്റേഷന് സമീപം നടന്നു വരുന്ന പ്രതിഷേധം മുന്നില്‍കണ്ട് പൊതുജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനാണ് ലഗേജ് ടിക്കറ്റ് സംവിധാനമേര്‍പ്പെടുത്തിയിട്ടുള്ളത്. പാര്‍സല്‍ ബുക്കിങ് സംവിധാനം നേരെത്തെ ഉണ്ടായിരുന്നപോലെ അവശ്യസേവനമായി പൂര്‍ണമായ നിലയില്‍ത്തന്നെ ലഭ്യമാക്കണം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത് പ്രകാരം 2026 ജൂലൈ 25 മുതലാണ് റെയില്‍വേ സ്റ്റേഷനിലെ സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കി റെയില്‍വേ ഉത്തരവ് പുറപ്പെടുവിച്ചത്, എന്നാല്‍ ഇത് പ്രകാരം വ്യാപാരികള്‍ക്കും മറ്റു പൊതുജനങ്ങള്‍ക്കും പാര്‍സല്‍ അയക്കാനുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള സമയംപോലും കൊടുക്കാതെയാണ് റെയില്‍വെയുടെ നടപടി. സര്‍വീസ് നിര്‍ത്തുന്നതുമൂലം കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് കണ്ണൂര്‍, മംഗളൂരു സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വന്നിരിക്കയാണെന്നും ഇത് ഏറെ സാമ്പത്തിക നഷ്ടമുണ്ടാക്കുകയാണെന്നും, റെയില്‍വേ സ്റ്റേഷനുകളില്‍ ജില്ലയിലുള്ള ഏക പാഴ്സല്‍ സര്‍വീസിന് പൂട്ടിയിട്ടത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും എംപി മന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി.
No comments