എംഡിഎംഎ പിടികൂടിയ കേസിൽ ഉപ്പള സ്വദേശിക്ക് പത്തുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു
കാസർകോട്: 63 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഉപ്പള സ്വദേശിക്ക് പത്തുവർഷം കഠിനതടവും 100,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഉപ്പള മുസ്സൊടി പുഴക്കര ഹൗസിലെ അബ്ദുൽ അസീസിനെ(29)യാണ് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആർ വിനായക റാവു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 1 വർഷം കൂടി കഠിനതടവ് കൂടി അനുഭവിക്കണം. 2024 മാർച്ച് 9-ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വൈകുന്നേരം 7:25-ഓടെ കുഞ്ചത്തൂരിൽ വച്ചാണ് അബ്ദുൽ അസീസിനെ മയക്കുമരുന്നുമായി മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇൻസ്പെക്ടറായിരുന്ന ടോൽസൺ പി. ജോസഫ് ആണ് പ്രതിയെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് മഞ്ചേശ്വരം ഇൻസ്പെക്ടർ ആയിരുന്ന ഇ അനൂപ് കുമാർ ആണ്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വേണുഗോപാലൻ പി. ഹാജരായി. E Tourist Destinations
No comments