Breaking News

റോഡ് വികസനത്തിനായി മണ്ണെടുത്തു... സംരക്ഷണഭിത്തി പൂർത്തിയാക്കാത്തതിനാൽ വീട് അപകടാവസ്ഥയിൽ


രാജപുരം : കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാനപാതയിൽ പാണത്തൂർ മാവുങ്കാലിൽ റോഡ് വികസനത്തിനായി മണ്ണെടുത്തു. സംരക്ഷണഭിത്തി പൂർത്തിയാക്കാത്തതിനാൽ വീട് അപകടാവസ്ഥയിൽ. പാണത്തൂർ മാവുങ്കാലിലെ രാഘവനും കുടുംബവുമാണ് ഏത് നിമിഷവും മണ്ണിടിഞ്ഞ് ഭീതിയിൽ കഴിയുന്നത്. സംസ്ഥാന പാതയുടെ പാണത്തൂർ കോളിച്ചാൽ റീച്ചിൽ റോഡ് വികസനത്തിനായി മണ്ണ് കുത്തനെ അരിഞ്ഞ് എടുത്തതാണ് മണ്ണിടിയാൻ കാരണമായത്. റോഡിൽനിന്നും ഏകദേശം എട്ടു മീറ്റർ ഉയരത്തിലാണ് വീട്. താഴ് ഭാഗം വീതി കുറഞ്ഞ വളവായതിനാൽ വീതി കൂട്ടുന്നതിന് വീടിനോടുചേർന്ന ഭാഗം മണ്ണെടുത്തെങ്കിലും സംരക്ഷണഭിത്തി നിർമാണം പൂർത്തിയാക്കത്തതാണ് മണ്ണിടിയാൻ കാരണം. മണ്ണെടുക്കുന്ന സമയത്ത് വീട്ടുകാർ എതിർപ്പ് അറിയിച്ചിരുന്നെങ്കിലും സംരക്ഷണഭിത്തി കെട്ടിത്തരാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മുറ്റത്തിന്റെ ഒരു ഭാഗം ഉൾപ്പെടെ ഇടിഞ്ഞുതാണു. മുറ്റത്തോടുചേർന്നുള്ള കവുങ്ങുകളും റോഡിലേക്ക് ചെരിഞ്ഞ് അപകട ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇതിൽ ഒന്ന് മറിഞ്ഞുവീണ് വൈദ്യുതിയുടെ ഹൈ ടെൻഷൻ ലൈൻ കടന്നുപോകുന്ന പോസ്റ്റ് ഉൾപ്പെടെയുള്ളവ റോഡിലേക്ക് വീണിരുന്നു. ഒരു വർഷം മുമ്പ് ഒരു അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട് വീട്ടിൽ കഴിയുകയാണ് രാഘവൻ. രാഘവനും 85 വയസ്സുള്ള അമ്മയും അടങ്ങുന്ന കുടുംബം ആധിയോടാണ് ഓരോ രാത്രിയും കഴിച്ചുകൂട്ടുന്നത്.

No comments