Breaking News

പെടവടുക്കത്തെ ലീല വധക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അമ്പലത്തറ പൊലീസ് മഹാരാഷ്ട്രയിൽ വെച്ച് സാഹസികമായി പിടികൂടി...


അമ്പലത്തറ  : പെടവടുക്കത്തെ ലില വധക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അമ്പലത്തറ പൊലീസ് മഹാരാഷ്ട്രയിൽ വെച്ച് സാഹസികമായി പിടികൂടി. പശ്ചിമബംഗാൾ മുർഷിബാദ് സ്വദേശിയായ കൗമാരക്കാരനെയാണ് നവി മുംബൈയിൽ വെച്ച് പൊലീസ് അറസ്റ്റുചെയ്തത്. 2017 നവംബർ 15 നാണ് തട്ടുമ്മൽ പെടവടുക്കത്തെ അമ്പൂട്ടി നായരുടെ ഭാര്യ ലീല(57)യെ കൊലപ്പെടുത്തിയത്. ലീലയുടെ വീട്ടിൽ തേപ്പ് ജോലിക്ക് എത്തിയതായിരുന്നു പ്രതി. വീട്ടമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാലയും കമ്മലും കൈക്കലാക്കിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. പിന്നീട് പ്രതിയെ പിടികൂടിയെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ ജുവനെയിൽ ഹോം കോടതി ജാമ്യം നൽകിയിരുന്നു. വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നിതിൻ രാജ് ജില്ലാ പൊലീസ് മേധാവിയായി ചുമതല ഏറ്റെടുത്തതോടെയാണ് കേസിന് വീണ്ടും ജീവൻ വച്ചത്. ഒളിവിൽ പോയ ശേഷം പ്രതി മൊബൈൽ ഫോൺ ഒന്നും ഉപയോഗിച്ചിരുന്നില്ല. ഇതിനാൽ പ്രതിയെ പിടികൂടുന്നത് ഏറെ വിഷമകരമായി. പിന്നീട് പ്രതിയുടെ സുഹൃത്തുക്കളെ കണ്ടെത്തി അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഇൻസ്പെക്ടർ സി.ഷാജു, എ.എസ് .ഐ. കെ. ജയരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു, ബിജു കീനേരി എന്നിവർ അടങ്ങുന്ന സംഘമാണ് മുംബൈയിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ഹോസുർഗ് കോടതിയിൽ ഹാജരാക്കി.

No comments