Breaking News

റിട്ട : അധ്യാപകനും മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു


അമ്പലത്തറ: റിട്ട:അധ്യാപകനും മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യകാല മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. അരനൂറ്റാണ്ട് കാലം മാതൃഭൂമിയുടെ പ്രാദേശിക ലേഖകനായിരുന്ന കാവുങ്കൽ, കാൻഫെഡിൻ്റെ ജില്ലയിലെ മുതിർന്ന സാരഥിയാണ്. അധ്യാപകൻ, സാക്ഷരതാ പ്രവർത്തകൻ, എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.പരേതരായ അയ്യങ്കാവ് കുഞ്ഞിരാമൻ മണിയാണിയുടെയും കെ പി നാരായണിയമ്മയുടെയും മകനാണ്.

പള്ളിക്കര കീക്കാൻ ഗവ.യു.പി.സ്കൂൾ, കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്കൂ‌ൾ, മട്ടന്നൂർ പഴശ്ശിരാജ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബേളൂർ ശ്രീശങ്കര എ.യു.പി.സ്‌കൂൾ, പറക്കളായി ഗവ. യു.പി സ്കൂ‌ൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഹൊസ്‌ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പ്രൈമറി എക്സ്റ്റൻഷൻ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. പി.എൻ.പണിക്കരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.ദീർഘകാലം കാൻഫെഡിന്റെയും പി.എൻ.പണിക്കർ ഫൗണ്ടേഷന്റെയും ഭാരവാഹിയായിരുന്നു. പറക്കളായി പി.എൻ.പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളേജിന്റെ സ്ഥാപകരിലൊരാളാണ്.മികച്ച പൊതു പ്രവർത്തകനെന്ന നിലയിൽ കാൻഫെഡ് അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കാവുങ്കൽ രചിച്ച റേഡിയോ നാടകങ്ങൾ ആകാശവാണിയിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.നിരവധി അമേച്വർ നാടകങ്ങൾക്ക്  ഗാനരചന നടത്തിയിട്ടുണ്ട്.സാക്ഷരതാസമിതി പ്രചരണവിഭാഗം മാനേജർ, സാക്ഷര കേരളം മാസികയുടെ എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഗോപുരം, കല്ലിന്റെ നിഴൽ, അഭയം തേടുന്നവർ, ഗ്രാമവഴിയിലെ കനലുകൾ (നോവലുകൾ), തെരഞ്ഞെടുത്ത ചെറുകഥകൾ തുടങ്ങിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.


No comments