Breaking News

നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത വേണം; കുട്ടികളുടെ ജീവനും നാടിന്റെ വികസനവും സംരക്ഷിക്കാൻ ജനകീയ സമര സമിതിയുടെ പ്രക്ഷോഭം 126-ാം ദിനത്തിൽ സമൂഹ നിരാഹാര സമരം ആർ.എസ്.പി ജില്ലാ സെക്രട്ടറി ഹരീഷ് നമ്പ്യാർ ഉദ്ഘാടനം ചെയ്തു


നീലേശ്വരം: ദേശീയപാത വികസനത്തിൽ നീലേശ്വരത്തോട് മാത്രം കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും, നഗരത്തെ വിഭജിക്കാതെ തൂണുകളോട് കൂടിയ ആകാശപാത (Elevated Highway) അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം 126-ാം ദിനത്തിൽ. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് (26 ജൂലൈ 2026, ഞായറാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കുന്ന ഏകദിന സമൂഹ നിരാഹാര സമരം ആർ.എസ്.പി (RSP) കാസർഗോഡ് ജില്ലാ സെക്രട്ടറി ശ്രീ. ഹരീഷ് നമ്പ്യാർ ഉദ്ഘാടനം ചെയ്തു.

ജനകീയ സമര സമിതി ചെയർമാൻ ടി.സി.വി. ശ്രീനാഥ് ശശി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സമര സമിതി ട്രഷറർ മഹമ്മൂദ് കോട്ടായി ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

RSP ജില്ലാ സെക്രട്ടറിയറ്റ് അംഗം ശ്രീ. വിജയൻ, ചെറുവത്തൂരിലെ 157 ദിവസം നീണ്ട ജനകീയ സമരത്തിൻ്റെ, മുൻനിര പോരാളി ശ്രീ. കെ.പി. രാമകൃഷ്ണൻ (മലബാർ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ), ജനകീയ സമര സമിതി എക്സിക്യൂട്ടീവ് അംഗം ശ്രീ. സൈനുദ്ദീൻ സാഹിബ് (നീലേശ്വരം മുൻ നഗരസഭ കൗൺസിലർ), ജനകീയ സമര സമിതി മുതിർന്ന അംഗം ശ്രീ. രാജു രാമൂട്ടി,

രാജാസ് ഹൈസ്കൂൾ PTA പ്രസിഡൻ്റ് ശ്രീ. വിനോദ് അരമന എന്നിവർ സംസാരിച്ചു.

സമീപ പ്രദേശങ്ങളായ മയിച്ചയിലും പെരുമ്പയിലും തളിപ്പറമ്പിലും ആകാശപാത നിർമ്മിക്കാൻ അധികൃതർ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ സമാനമായ സാഹചര്യമുള്ള നീലേശ്വരത്തെ മാത്രം അവഗണിക്കുന്നത് കടുത്ത അനീതിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ. ഹരീഷ് നമ്പ്യാർ വ്യക്തമാക്കി. കാൽനടയാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതും, വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്നതുമായ നിലവിലെ അശാസ്ത്രീയമായ നിർമ്മാണ രീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നഗരത്തെ രണ്ടായി വിഭജിക്കുന്ന മതിൽ ഒഴിവാക്കി, ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത അടിയന്തരമായി അനുവദിക്കണം. റോഡ് മുറിച്ചുകടക്കുന്ന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന നിർമ്മാണ രീതി മാറ്റണം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണം. ടൂറിസം ഭൂപടത്തിൽ സുപ്രധാന സ്ഥാനമുള്ള നീലേശ്വരത്തിന്റെ വിനോദസഞ്ചാര സാധ്യതകളെയും ഭാവിയെയും നിലവിലെ ഹൈവേ നിർമ്മാണം പ്രതികൂലമായി ബാധിക്കും. ഇതിന് അടിയന്തര പരിഹാരം കാണണം.


ദേശീയപാത അതോറിറ്റിയുടെ (NHAI) ഒരു ഉന്നതതല സംഘം അടിയന്തരമായി നീലേശ്വരത്ത് നേരിട്ടെത്തി പരിശോധന നടത്തണം. ശാസ്ത്രീയമായ പഠനത്തിലൂടെ ആകാശപാതയുടെ അനിവാര്യത ബോധ്യപ്പെടുകയും അത് പാസാക്കുകയും വേണം.


നീലേശ്വരത്തിന്റെ ജീവന്മരണ പോരാട്ടമായി മാറിയ ഈ സമരത്തിൽ നിരവധി സംഘടനകളും, വ്യാപാരികളും, പൊതുജനങ്ങളും പങ്കാളികളായി. ജനകീയ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം. വൈകുന്നേരം 5 മണിക്ക് ഇന്നത്തെ സമൂഹ നിരാഹാര സമരം സമാപിക്കും.

No comments