Breaking News

ബദിയഡുക്ക കന്യപ്പാടിയിൽ കടവരാന്തയിൽ കിടന്നിരുന്ന പശുവിനെ മോഷ്ടിച്ച് കാറിൽ കടത്തിക്കൊണ്ടുപോയ കേസിൽ രണ്ടു പേർ അറസ്റ്റിൽ


കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ കന്യപ്പാടിയിൽ കടവരാന്തയിൽ കിടന്നിരുന്ന പശുവിനെ മോഷ്ടിച്ച് കാറിൽ കടത്തിക്കൊണ്ടുപോയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. കാറും പിടികൂടി. കൂട്ടുപ്രതികളായ മൂന്നു പേർക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി. മംഗ്ളൂരു, ജോക്കട്ടയിലെ റാസിഖ്(21), ഉള്ളാൾ, അളിക്കെയിലെ മുഹമ്മദ് ഇർബാസ് (26) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ജൂൺ 16ന് പുലർച്ചെ 1.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കന്യപ്പാടി റഹ്മത്ത് മൻസിലിലെ കെ എം മുഹമ്മദിന്റെ വീടിനു മുൻവശത്തുള്ള കടവരാന്തയിൽ കിടക്കുകയായിരുന്ന പശുവാണ് മോഷണം പോയത്. പിറ്റേ ദിവസം രാവിലെ പശുവിനെ കാണാഞ്ഞതിനെ തുടർന്ന് വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പശുവിനെ കാറിൽ കടത്തികൊണ്ടുപോയതാണെന്നു വ്യക്തമായത്. തുടർന്ന് ബദിയഡുക്ക പൊലീസിൽ പരാതി നൽകി. ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ മേൽനോട്ടത്തിൽ എ എസ് ഐ പ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗോകുൽ, സിവിൽ പൊലീസ് ഓഫീസർമാരായ അജിത്ത്, ശ്രീനേഷ്, ഹരിപ്രസാദ് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

No comments