Breaking News

നെൽകൃഷിയെ മാറോട്‌ ചേർക്കാൻ പാടങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. സിപ്റ്റ ചീമേനിയുടെ സഹകരണത്തോടെ ചീമേനി വയലിൽ മഴപ്പൊലിമ നടത്തി


ചീമേനി : പുഞ്ചക്കണ്ടവും നാട്ടിക്കണ്ടവും മഴവെള്ളത്താൽ നിറഞ്ഞു. നെൽകൃഷിയെ മാറോട് ചേർക്കാൻ പാടങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കൃഷിയെ സ്വാഗതംചെയ്യാൻ നാട്ടൊരുമകളും തയ്യാറായി എന്നത് വിളിച്ചറിയിച്ച് പാടങ്ങളിൽ മഴപ്പൊലിമയുടെ താളങ്ങളും മുഴങ്ങുകയാണ്. 'ചേറാണ് ചോറ്' എന്ന വിളംബരത്തോടെ കൃഷിയിലേക്ക് പുതിയ തലമുറയെയും ആകർഷിക്കുക കൃഷിയെ ചേർത്ത് പിടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പഞ്ചായത്ത് തലങ്ങളിൽ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തിലാണ് കർകരെയും ഒരുമിപ്പിച്ച് മഴപ്പൊലിമ നടത്തി വരുന്നത്. കൃഷി സജീവമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേരുകയും വിവിധ വിനോദ പരിപാടികൾ സംഘടിപ്പിച്ചും നാടൻ വിഭവങ്ങൾ ശേഖരിച്ച് ഭക്ഷണമുണ്ടാക്കിയും ഒരുമിച്ചിരുന്ന് കഴിച്ച് പായ്യാരങ്ങൾ പറഞ്ഞും കൃഷിയിടങ്ങൾ സജീവമാവുകയാണ്. പി ലീല അമ്മയുടെ നാട്ടിപ്പാട്ട് ഈണത്തോടെയാണ് കയ്യൂർ-ചീമേനി പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് സംഘടിപ്പിച്ച മഴപ്പൊലിമ ആരംഭിച്ചത്. തുടർന്ന് ഞാറു നടീലും പാടത്തിലെ ചെളിവെള്ളത്തിൽ നിധി കണ്ടെത്തലും, കമ്പവലിയും, ബലൂൺ പൊട്ടിക്കലും കുപ്പിയിൽ വെള്ളം നിറക്കലും അരങ്ങേറിയപ്പോൾ ആസ്വാദകരുടെ മനം കവർന്ന കായിക വിനോദങ്ങളുമായി മാറി. സിപ്റ്റ ചീമേനിയുടെ സഹകരണത്തോടെ ചീമേനി വയലിൽ നടത്തിയ മഴപ്പൊലിമയിൽ അലിഞ്ഞുചേരുകയായിരുന്നു കുട്ടികൾ മുതൽ പ്രായംചെന്നവർ വരെ. തരിശായി കിടന്നിരുന്ന 16 ഏക്കർ വയൽ ഇതോടെ ഇത്തവണ കൃഷി യോഗ്യമാക്കും. അതിനായി പഞ്ചായത്തിലെ മുഴുവൻ കൃഷിക്കാരും തയാറെടുത്ത് കഴിഞ്ഞു. മഴപ്പൊലിമ പഞ്ചായത്ത് പ്രസിഡന്റ് എം പി വി ജാനകി ഉദ്ഘാടനംചെയ്തു. വി കെ ശോഭന അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി വി ജനാർദനൻ, ജില്ലാപഞ്ചായത്തംഗം ഡോ. സെറീനാ സലാം, പി ബി ഷീബ, സി ടി ശ്രീലത, ടി കെ ദിവാകരൻ, എം ദിവ്യ, കെ പി രജനി, എ ജി അജിത്കുമാർ, സി വി വിനോദ് എന്നിവർ സംസാരിച്ചു. ചന്ദ്രൻ സ്വാഗതവും ഷീജ നന്ദിയും പറഞ്ഞു.

No comments