Breaking News

ആദിവാസികളെ മനുഷ്യരായി പരിഗണിക്കണമെന്ന് എണ്ണപ്പാറയിലെ സ്പെഷ്യൽ ഊരുകൂട്ട പ്രമേയം


തായന്നൂർ: മലയാറ്റുക രയിലെ കരിങ്കൽ ക്വാറിക്കെതിരെ വിളിച്ചു ചേർത്ത സ്പെഷ്യൽ ഊരുകൂട്ടത്തിൽ ഭരണാധികാരികൾക്കെതിരെ പ്രതിഷേധമിരമ്പി. പരിസ്ഥിതിക്കും മനുഷ്യ ജീവജാലങ്ങൾക്കും ഭീഷണിയാവുന്ന തരത്തിൽ പ്രവർത്തിക്കുന്ന വൻകിട ക്വാറികൾ അടക്കം എല്ലാ മാഫിയകൾക്കും അനുമതി കൊടുക്കുന്നത് ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലാണ്. ആദിവാസികൾ മനുഷ്യരല്ലായെന്നും ഊരുകൾക്ക് നടുവിൽ ഇത്തരം ചൂഷണം നടന്നാൽ ആരും ചോദിക്കാൻ വരില്ലെന്നുമുള്ള ഭരണവർഗ്ഗ കാഴ്ചപ്പാടാണ് പല ദുരന്തങ്ങളും വരുത്തിവയ്ക്കുന്നത്. അതുകൊണ്ട് തന്നെ മലയാറ്റുകര ക്വാറി പ്രദേശത്തെ ആദിവാസികളെ അടക്കം മനുഷ്യരായി കണ്ട് ക്വാറിയുടെ പ്രവർത്തനം അടിയന്തിരമായി നിർത്തിവെക്കാൻ ഊരുകൂട്ട പ്രമേയം അധികൃതരോടാവശ്യപ്പെട്ടു. എണ്ണപ്പാറ - മലയാറ്റുകര, തുമ്പക്കുന്ന് ഉരുട്ടിക്കുന്ന് ചൂരപ്പടവ്, കുറ്റിയടുക്കം ഊരുകൾക്ക് നടുവിലാണ് വൻകിട മാഫിയാ നേതൃത്വത്തിലുള്ള ക്വാറി പ്രവർത്തിക്കുന്നത്. രാവിലെ 6 മണി മുതൽ പ്രവർത്തിക്കുന്ന ക്വാറിയിലെ ശബ്ദം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. കിലോ കണക്കിന് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ദിനംപ്രതി ഇവിടെ സ്ഫോടനം നടത്തുന്നത്. ഇതിൻ്റെ പ്രകമ്പനം മൂലം വീടുകൾക്ക് ഭാവിയിൽ വിള്ളൽ സംഭവിക്കുകയും ജലാശയങ്ങൾ വറ്റിപ്പോകുകയും ചെയ്യുമെന്ന ഭയത്തിലാണ് ആദിവാസികൾ. ക്വാറിയിലെ സ്‌ഫോടക അവശിഷ്ടങ്ങൾ പ്രദേശത്തെ കുടിവെള്ളം മലിനമാക്കും. ഹൃദ്രോഗികളും ക്യാൻസർ രോഗികളും ശ്വാസകോശ രോഗികളും ഊരുകളിലുണ്ട് . ഇവരുടെ ജീവനേക്കാൾ മൂല്യമാണ് ഭരണകൂടങ്ങൾ കൊള്ള ലാഭങ്ങൾക്കും മാഫിയാ സംഘത്തിൻ്റെ നികുതിക്കും നൽകുനതെന്നും ഊരുകൂട്ട യോഗം കുറ്റപ്പെടുത്തി.

    ഊരു മൂപ്പൻ രമേശൻ മലയാറ്റുകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ സജിത ശ്രീകുമാർ, മാലക്കല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലിം താഴേ കോറോത്ത്, വിഷ്ണു പേരിയ വിവിധ ഊരുകളിലെ മൂപ്പൻമാരായ സി രാജു, നാരായണൻ കുറ്റിയടുക്കം ടി രാജേഷ്, വി ചന്ദ്രൻ , പ്രമോട്ടർമാരായ രമ ഉദയപുരം, ശ്രീജ ക്ലീനിപ്പാറ തുടങ്ങിയവർ സംസാരിച്ചു

No comments