ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചു, ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു; അച്ഛനും മകനും കഠിനതടവും പിഴയും...
കാസർകോട് : റേഷൻ കടയിൽ ജോലി ചെയ്യുകയായിരുന്ന പട്ടികജാതി വിഭാഗം അംഗത്തെ ദേഹോപദ്രവം ഏൽപിക്കുകയും ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തെന്ന കേസിൽ അച്ഛനും മകനും കഠിനതടവും പിഴയും ശിക്ഷ.
കുംബടാജെ ഗഡിഗുഡ്ഡെ തേങ്ങിൻപള്ളിൽ ഹൗസിൽ മാത്യു തെങ്ങിൻ വളപ്പിൽ എന്ന വക്കച്ചൻ (67), മകൻ അഖിൽ മാത്യു (33) എന്നിവർക്ക് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ആർ.വിനായക റാവു ആണ് ശിക്ഷ വിധിച്ചത്.
2021 മാർച്ച് 6ന് വൈകിട്ട് 5.45ന് ഗഡി ഗുഡ്ഡെയിൽ റേഷൻ കടയിൽ ജോലി ചെയ്യുകയായിരുന്ന മോഗേർ സമുദായത്തിൽപെട്ട ഗഡിഗുഡ്ഡെ സ്വദേശി ജി.നാരായണയെ പ്രതികൾ താഴ്ന്ന ജാതിക്കാരാണെന്നറിഞ്ഞുകൊണ്ട് ദേഹോപദ്രവം ഏൽപിക്കുകയും ജാതിപ്പേര് വിളിച്ചു ആക്ഷേപിക്കുകയും രണ്ടാം പ്രതി ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു എന്ന പരാതിയിൽ ബദിയടുക്ക പൊലീസ് ചാർജ് ചെയ്തതാണ് കേസ്. എസ്എംഎസ് ഡിവൈഎസ്പി എം.ഡി.സുനിലാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ പി.വേണുഗോപാലൻ ഹാജരായി.
No comments