ആക്രി കച്ചവടത്തിൽ നിന്ന് മയക്ക് മരുന്ന് കച്ചവടത്തിലേക്ക്,യാത്രകൾ വിമാനത്തിൽ, ഹെറോയിനുമായി മയക്കുമരുന്ന് കച്ചവടക്കാരുടെ 'ദാദാ' പിടിയിൽ
കൊച്ചി: കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാം (38) ആണ് പിടിയിലായത്. അങ്കമാലിയിൽ ലക്ഷങ്ങൾ വിലവരുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതര 3 ഇതര സംസ്ഥാന തൊഴിലാളികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൻ്റെ തുടർ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. മയക്കുമരുന്ന് കച്ചവടക്കാര്‍ക്കിടയിൽ ദാദാ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. കേരളത്തിൽ വന്നിട്ട് 10 വർഷത്തോളമായി. പല പ്ലൈവുഡ് കമ്പനികളിലും ജോലി ചെയ്തു. പിന്നീട് ആക്രി കച്ചവടമായിരുന്നു. തുടർന്ന് മയക്കുമരുന്ന് വ്യാപാരത്തിലേക്ക് മാറുകയായിരുന്നു.
ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. മയക്കുമരുന്ന് വാങ്ങാൻ ആസാമിലേക്കും തിരികെ കൊച്ചിയിലേക്കും വിമാന മാർഗമാണ് സഞ്ചരിച്ചിരുന്നത്. ആസമിൽ നിന്ന് 30000 രൂപയ്ക്ക് എത്തിക്കുന്ന ഒരു ബോക്സ് ഹെറോയിൻ ഇവിടെ 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലക്കാണ് വിൽപ്പന നടത്തിയിരുന്നത്.കൂടാതെ ചെറിയ ബോട്ടിലുകളിൽ നിറച്ചും ഒരു ബോട്ടിലിന് 1000 രൂപ നിരക്കിൽ വിൽപ്പന നടത്തിയിരുന്നു. പെരുമ്പാവൂർ ആയിരുന്നു ഇയാളുടെ പ്രധാന മേഖല. ജില്ലയിൽ വിവിധ ഇടങ്ങളിൽ ഇയാൾ വീടുകൾ വാടകയ്ക്ക് എടുത്തിരുന്നു. പോലീസിന്റെയും ജനങ്ങളുടെയും ശ്രദ്ധയിൽപ്പെടാത്ത ഇടങ്ങളിലായിരുന്നു വീടുകൾ തിരഞ്ഞെടുത്തിരുന്നത്.
പെരുമ്പാവൂർ പോഞ്ഞാശ്ശേരി ഭാഗത്ത് ഇയാൾ വാടകയ്ക്ക് എടുത്തിരുന്ന വീട്ടിൽനിന്ന് രണ്ട് ചാക്കുകളിലായ് മയക്കുമരുന്ന് നിറയ്ക്കാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് ചെറിയ ബോട്ടിലുകൾ പോലീസ് കണ്ടെത്തി. ആക്രി കച്ചവടത്തിൻ്റെ മറവിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്ന ഇയാളുടെ അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിട്ടുള്ളത്.അസമിൽ നിന്ന് കാർ മാർഗം മയക്ക് മരുന്ന് കടത്തുന്ന ഇയാളുടെ മൂന്നംഗ സംഘമാണ് നേരത്തെ അന്വേഷണസംഘത്തിന്റെ പിടിയിലായത്. കാറിൻ്റെ രഹസ്യ അറകളിൽ ബാഗുകളിൽ സോപ്പുപെട്ടി ബോക്സുകളിൽ ആക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. അസം രജിസ്ട്രേഷനിൽ ഉള്ള കാറായിരുന്നു. ആദ്യമായിട്ടായിരുന്നു ജില്ലയിൽ ഇത്രയും വലിയ ഹെറോയിൻ വേട്ട നടത്തിയത്.
No comments