Breaking News

പകർച്ചവ്യാധി പ്രതിരോധം ; കിനാനൂർ–കരിന്തളം ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രം കരിന്തളത്തിന്റെയും ആഭിമുഖ്യത്തിൽ അവലോകന യോഗം സംഘടിപ്പിച്ചു


കരിന്തളം: മഴക്കാല പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിനുമായി കിനാനൂർ–കരിന്തളം ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രം കരിന്തളത്തിന്റെയും ആഭിമുഖ്യത്തിൽ 'പകർച്ചവ്യാധി അവലോകനം–2026' പരിപാടി സംഘടിപ്പിച്ചു.

കുടുംബാരോഗ്യ കേന്ദ്രം കരിന്തളം ഇൻചാർജ് മെഡിക്കൽ ഓഫീസർ ഡോ. സുനിത പി. എൻ. സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി.എൻ. ടി. ശ്യാമള അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി അനിത.കെ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സുരേന്ദ്രൻ എം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.സജിത് കുമാർ, വാർഡ് മെമ്പർ ശ്രീ നൗഷാദ്, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി കാർത്യായനി എന്നിവർ ആശംസകൾ അർപ്പിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), കാസർഗോഡ് ടെക്നിക്കൽ അസിസ്റ്റന്റ് ശ്രീ.ചന്ദ്രൻ എം. വിഷയാവതരണം  നടത്തി. പകർച്ചവ്യാധി നിയന്ത്രണത്തിനായി സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ, പരിസര ശുചിത്വം, രോഗനിരീക്ഷണം, കൊതുക് ജന്യ രോഗങ്ങൾ തടയുന്നതിനുള്ള മാർഗങ്ങൾ, വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തനങ്ങളുടെ പ്രാധാന്യം എന്നിവ അദ്ദേഹം വിശദീകരിച്ചു.

യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ ശ്രേണികളിൽ ആയി പ്രവർത്തിക്കുന്ന  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ,  പൊതുപ്രവർത്തകർ,ആശാ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, ഊരു മൂപ്പന്മാർ മേറ്റുമാർ, ഇതര വകുപ്പുകളിലെ പ്രതിനിധികൾ തുടങ്ങിവർ പങ്കെടുത്തു.  ഷിഗല്ല,മഴക്കാല രോഗങ്ങൾ എന്നിവയ്ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക്  പ്രാധാന്യം നൽകിക്കൊണ്ട് ഉള്ള കർമ്മ പദ്ധതി യോഗത്തിൽ കൈക്കൊണ്ടു. പകർച്ചവ്യാധികൾ വ്യാപിക്കുന്നത് തടയുന്നതിനായി ഗ്രാമപഞ്ചായത്തുതലത്തിൽ സ്കൂളുകൾ, അംഗൻവാടികൾ, ആഹാര -പാനീയ- നിർമ്മാണ-വിതരണ- സംഭരണ കേന്ദ്രങ്ങളിലെ ജീവനക്കാർ  തുടങ്ങിയവരെ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പരിപാടികൾ,വരും ദിനങ്ങളിൽ കൂടുതൽ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു.

 ശുചിത്വ പരിശോധനകൾ, ക്ലോറിനേഷൻ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയും ശാക്തീകരിച്ച് നടപ്പിലാക്കുവാൻ തീരുമാനിച്ചു.എഫ്.എച്ച്.സി. കരിന്തളം ഹെൽത്ത് ഇൻസ്പെക്ടർ എസ്. ജയകൃഷ്ണൻ പകർച്ചവ്യാധി അവലോകന റിപ്പോർട്ട്, പ്രവർത്തന രൂപരേഖ എന്നിവ യോഗത്തിൽ വിശദമായി അവതരിപ്പിക്കുകയും യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

No comments