Breaking News

മടക്കരയിൽ മീൻ ചാകര.. ചെമ്മീൻ, മത്തി, നാരൻ ചെമ്മീൻ, കിളിമീൻ, ചെറുമീനുകൾ എന്നിവയുമായി നൂറുകണക്കായ വള്ളങ്ങളാണ് തുറമുഖത്തെത്തുന്നത്


ചെറുവത്തൂർ : മടക്കരയിൽ മൂന്നുനാല് ദിവസമായി മീൻ ചാകരയാണ്. ചെമ്മീൻ, മത്തി, നാരൻ ചെമ്മീൻ, കിളിമീൻ, ചെറുമീനുകൾ എന്നിവയുമായി നൂറുകണക്കായ വള്ളങ്ങളാണ് തുറമുഖത്തെത്തുന്നത്. രാവിലെയെത്തുന്ന വള്ളക്കാർക്ക് കോളാണ്. വൈകിയെത്തുന്ന വള്ളങ്ങൾക്ക് മീനിറക്കാൻ മണിക്കൂറുകൾ കാത്തിരിക്കണം. വാർഫിലും ലേലപ്പുരയിലും നിന്നുതിരിയാൻ ഇടമില്ല. മഴമാറിനിന്ന് വെയിൽ വന്നതോടെയാണ് കടൽ കനിഞ്ഞത്. ഇതോടെ പരമ്പരാഗത വള്ളങ്ങളെല്ലാം കടലിലിറങ്ങി. വള്ളങ്ങളെല്ലാം നിറയെ മീനുമായിട്ടാണ് തിരിച്ചെത്തുന്നത്. രാവിലെ 50 കിലോ മത്തിക്ക് 12,900 രൂപയാണ് ലേലം വിളിച്ചത്. പിന്നീട്ടത് താഴോട്ട് പോയി. വൈകീട്ട് 4,000 ത്തിലെത്തി. ചെമ്മീൻ 225 മുതൽ 240 വരെയായിരുന്നു വില. വൈകീട്ടായതോടെ ചെറുമീനുകൾ കിട്ടിയ വിലക്ക് കൊടുത്ത് ഒഴിവാക്കി. കൂടുതൽ മീനുമായി വള്ളങ്ങളെത്തുന്നമ്പോൾ തുറമുഖത്ത് അടുപ്പിക്കാനും മീൻ ഇറക്കാനും മണിക്കൂറുകൾ കാത്തിരിക്കേണ്ട ദുരവസ്ഥയാണിപ്പോൾ. പുഴയിൽ നിർത്തിയിട്ട വള്ളങ്ങളിലെ മീൻ ഐസിട്ടാണ് കേടാവാതെ സംരക്ഷിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നും ഫിഷ് മർച്ചന്റ്സും കൊട്ട വില്പനക്കാരുമെത്തുന്നുണ്ട്. വാഹനങ്ങൾ നിർത്തിയിടാനുള്ള അസൗകര്യവും ലേലഹാളിൽ നിന്നും മീൻ ഒഴിവാക്കാൻ വൈകുന്നതും വലിയ പ്രതിസന്ധിയാണ്. ലേലഹാളും വാർഫും വിപുലീകരിച്ചാൽ മാത്രമെ പ്രതിസന്ധി മറികടക്കാനാകു.

No comments