Breaking News

ഒന്നര വയസുള്ള കുട്ടി ചികിത്സാപ്പിഴവ് കാരണം മരിച്ച കേസിൽ വിദഗ്ധ അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിച്ചു


പയ്യന്നൂർ: ഒന്നര വയസുള്ള കുട്ടി ചികിത്സാപ്പിഴവ് കാരണം മരിച്ച കേസിൽ വിദഗ്ധ അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. കണ്ണൂർ ഡി.എം.ഒയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. പരിയാരം മെഡി. കോളേജ് സൂപ്രണ്ട്, പീഡിയാട്രീഷൻ, പയ്യന്നൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർ മെഡിക്കൽ ബോർഡിലുണ്ടാകും. ബോർഡ് യോഗം ഉടൻ തന്നെ ചേരുമെന്നാണ് സൂചന. പൊലീസ് പിടിച്ചെടുത്ത ചികിത്സാരേഖകളും പോസ്റ്റുമോർട്ടം റിപ്പോർട്ടും മെഡിക്കൽ ബോർഡിന് കൈമാറും. ആരോപണവിധേയരായ ഡോക്ടർമാരിൽ നിന്നും കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും മെഡിക്കൽ ബോർഡ് മൊഴിയെടുക്കും. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന. അനസ്തേഷ്യ നൽകി പത്ത് മിനിറ്റിനകം തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. മെഡിക്കൽ ബോർഡിന്റെ അന്വേഷണത്തിന് പുറമെ പയ്യന്നൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം തുടരും . മാതമംഗലം,എരമം നടുവിലെകുനിയിലെ പി.സൂരജ് വിജിഷ ദമ്പതികളുടെ ഏക മകൻ ദേവാൻഷ് ശൗര്യ ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ചുണ്ടിനേറ്റ മുറിവിന് പ്ലാസ്റ്റിക് സർജറി നടത്താൻ അനസ്തേഷ്യ നൽകിയത്.

No comments