പനത്തടിയിലെ ദുരന്തബാധിത മേഖലകളിൽ തഹസിൽദാറും സംഘവും സന്ദർശനം നടത്തി; അപകടകരമായ മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ നിർദ്ദേശം
വെള്ളരിക്കുണ്ട് : പനത്തടി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിലും കാറ്റിലും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ വെള്ളരിക്കുണ്ട് തഹസിൽദാർ രാമു കെ.ബി.യുടെ നേതൃത്വത്തിലുള്ള സംഘം ദുരന്തമേഖലകളിൽ സന്ദർശനം നടത്തി. ജീവനും സ്വത്തിനും ഭീഷണിയായ അപകടകരമായ മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചുമാറ്റാൻ തഹസിൽദാർ അടിയന്തര നിർദ്ദേശം നൽകി.
പാണത്തൂർ സഹകരണ ബാങ്കിന്റെ പുറകുവശത്ത് അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റുവാൻ സ്ഥലം ഉടമകളോട് സംഘം ആവശ്യപ്പെട്ടു. കൂടാതെ, മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കല്ലപ്പള്ളിയിലെ രാഘവന്റെ വീടും, അരിപ്രോഡിലുള്ള അപകടമേഖലകളും തഹസിൽദാറും സംഘവും നേരിട്ടെത്തി വിലയിരുത്തി.
ശക്തമായ മഴക്കെടുതിയും കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വയം സുരക്ഷിതരാകണമെന്നും ജാഗ്രത പാലിക്കണമെന്നും തഹസിൽദാർ നിർദ്ദേശിച്ചു.
സന്ദർശനത്തിൽ ഡെപ്യൂട്ടി തഹസിൽദാർ രാഘവൻ കെ. പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രശാന്ത് വി. ജോസഫ്, പനത്തടി വില്ലേജ് ഓഫീസർ അനിൽകുമാർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ ഷേണായി, വാർഡ് മെമ്പർമാരായ ഷിബു പാണത്തൂർ, റീന തോമസ്, ഭവ്യ, പഞ്ചായത്ത് ദുരന്തനിവാരണ സേനാംഗങ്ങളായ കൃഷ്ണകുമാർ, അബൂ താഹിർ, റോണി ആന്റണി, തമ്പാൻ പി. എന്നിവരും വിവിധ സാമൂഹ്യപ്രവർത്തകരും തഹസിൽദാറോടൊപ്പം ഉണ്ടായിരുന്നു.
No comments