Breaking News

പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ക്ഷാമം മലയോര ജനത ദുരിതത്തിൽ


പൂടംകല്ല്: മലയോര മേഖലയിലെ ആയിരക്കണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന പൂടംകല്ല് താലൂക്ക് (വെള്ളരിക്കുണ്ട്) ആശുപത്രിയിൽ ഡോക്ടർമാരുടെ രൂക്ഷമായ ക്ഷാമം മൂലം ചികിത്സാ സൗകര്യങ്ങൾ പൂർണ്ണമായി താളംതെറ്റുന്നു.

ആവശ്യത്തിന് സ്ഥിരം ഡോക്ടർമാരില്ലാത്തതും സ്പെഷ്യലിസ്റ്റ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും മൂലം മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ഗതികേടിലാണ് രോഗികൾ.

മുൻപ് 24 മണിക്കൂറും സജീവമായി പ്രവർത്തിച്ചിരുന്ന പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ നിലവിൽ രാത്രികാല സേവനം വൈകുന്നേരം 8 മണിവരെ മാത്രമായി ചുരുക്കിയിരിക്കുകയാണ്. രാത്രിയിൽ അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികളെ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ മറ്റ് വിദൂര ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് ചെയ്യുന്നത്.

ആകെ അനുവദിച്ച തസ്തികകൾ: 20, നിലവിലുള്ള ഡോക്ടർമാർ: വെറും 6 പേർ (1 സിവിൽ സർജൻ, 4 അസിസ്റ്റന്റ് സർജൻ, 1 ഫിസിഷ്യൻ)

 ഒഴിഞ്ഞുകിടക്കുന്ന സ്പെഷ്യലിസ്റ്റ് തസ്തികകൾ: 3 സിവിൽ സർജൻ, 2 പീഡിയാട്രീഷ്യൻ, 3 ഗൈനക്കോളജിസ്റ്റ്, 3 അനസ്തീസിയോളജിസ്റ്റ്.

കിടത്തിച്ചികിത്സ നിർദ്ദേശിക്കുന്ന രോഗികളെപ്പോലും പരിചരിക്കാൻ രാത്രി സമയങ്ങളിൽ ഡോക്ടർമാർ ഇല്ലാത്തത് ഗുരുതരമായ പ്രയാസമാണ് സൃഷ്ടിക്കുന്നത്. 

അടിയന്തര ഘട്ടങ്ങളിൽ പാവപ്പെട്ട രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകുന്നു.

പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി ഡോക്ടർമാരെ നിയമിക്കണമെന്നും രാത്രികാല സേവനം പുനഃസ്ഥാപിക്കണമെന്നും നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.


No comments