തളിപ്പറമ്പ ശ്രീ രാജരാജേശ്വരക്ഷേത്രത്തിലെ കിഴക്കേ ഗോപുര നവീകരണം ; ചരിത്രനിയോഗം ഏറ്റെടുത്ത് വരക്കാട്ടെ കുഞ്ഞിരാമൻ മണിയാണി .....
വെള്ളരിക്കുണ്ട് : ഇന്ത്യയിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളിൽ ഒന്നായ, തളിപ്പറമ്പ ശ്രീ രാജരാജേശ്വരക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കാസറഗോഡ് ജില്ലയിലെ വരക്കാട് അമ്പാടി ബസാർ സ്വദേശിയായ കുഞ്ഞിരാമൻ മണിയാണിയാണ്.
മലയോരത്തെ നിരവധി ചെറുതും വലുതുമായ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും മനോഹരമായി കൊത്തുപണികൾ ചെയ്യുകയും ചെയ്യുന്ന കുഞ്ഞിരാമന് ഈ ചരിത്ര നിയോഗം ഒരു അനുഗ്രഹമായി കരുതുന്നു. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ക്ഷേത്രങ്ങൾ പൊതുവെ പണിയുന്നത് ചെങ്കലിൽ കൊത്തിയെടുത്താണെന്നും കുഞ്ഞിരാമൻ പറഞ്ഞു. 50 ഓളം പേർ ചേർന്നാവും നിർമ്മാണം
ഈ ചരിത്രനിയോഗം പൂർത്തിയാക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അതിനെ ഭഗവദ് നിയോഗമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാന പടിപ്പുര ഉൾപ്പെടെ നിരവധി നിർമ്മാണ പ്രവൃത്തികൾ ഇതിനകം ശ്രീ കുഞ്ഞിരാമൻ മണിയാണിയും സംഘവും പൂർത്തീകരിച്ചിട്ടുണ്ട്
റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകനും വ്യവസായപ്രമുഖനുമായ അനന്ദ് അംബാനി തൻ്റെ ക്ഷേത്ര സന്ദർശനവേളയിൽ വാഗ്ദാനം ചെയ്ത പതിമൂന്ന് കോടിയോളം രൂപ മുടക്കിയാണ് നവീകരണപ്രവർത്തനങ്ങൾ നടത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ 'പൊന്നുംകുടും'വെച്ച് തൊഴുത ശേഷം ടി ടി കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ് കുമാർ കുഞ്ഞിരാമൻ മണിയാണിക്ക് മുഴക്കോൽ കൈമാറി നവീകരണ പ്രവർത്തിക്ക് തുടക്കം കുറിച്ചു .
തുടർന്ന് പെരിഞ്ചെല്ലൂർ നാഥൻ്റെ മുന്നിൽ നമസ്ക്കരിച്ച് എല്ലാവരും ചേർന്ന് ക്ഷേത്ര പ്രദക്ഷിണം നടത്തി.
കുഞ്ഞിരാമൻ മണിയണി, ദിലീപ് മണിയാണി , സുരേന്ദ്രൻ മേലോശാരി ,ദാമോദരൻ ആശാരി , ബാലകൃഷ്ണൻ ആശാരി എന്നിവർക്കാണ് നവീകരണത്തിൻ്റെ നിർമ്മാണ ചുമതല.
ചടങ്ങിൽ ടി ടി കെ ദേവസ്വം എക്സിക്യുട്ടിവ് ഓഫീസർ കെ പി വിനയൻ, ട്രസ്റ്റി അംഗങ്ങളായ ടി ടി മാധവൻ, പള്ളിക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരി , മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി , വി രതീഷ്,
സി രമേശൻ, ദേവസ്വം എഞ്ചിനീയർ സുനിൽ കുമാർ, ആർക്കിടെക്ട് മധുകുമാർ തുടങ്ങിയവർ പങ്കെടുത്തു .
ആയിരത്തിലധികം വർഷം പഴക്കം കണക്കാക്കുന്ന ഗോപുരത്തിൽ കേരളത്തിൽ തന്നെ അപൂർവ്വമായ ഗജലക്ഷമിയുടെ രൂപങ്ങളും കൊത്തിയിട്ടുണ്ട് . ഗോപുരത്തിന് സമീപത്തെ കുളം നിർമ്മിക്കുമ്പോൾ കൊത്തിയെടുത്ത കല്ലുകളായിരിക്കാം ഇതിന് ഉപയോഗിച്ചതെന്ന് കരുതുന്നു.
ചേര രാജാക്കൻമാരുടെ കാലത്തായിരിക്കാം കിഴക്കേ ഗോപുരം നിർമ്മിച്ചതെന്നും സംശയം ഉണ്ട് .
ഗോപുരത്തിൻ്റെ കല്ലുകൾ എടുത്ത് ക്ഷേത്രത്തിന് പുറത്ത് അതേ രീതിയിൽ ക്രമീകരിച്ച ശേഷം കേടായ കല്ലുകൾ മാറ്റിയാണ് പ്രവർത്തി നടത്തുക .
ഒരു വർഷം കൊണ്ട് നവീകരണ പ്രവർത്തികൾ പൂർത്തിയാക്കുമെന്ന് ടി ടി കെ ദേവസ്വം അധികൃതർ പറഞ്ഞു.
No comments