ഉയരെ അവലോകനവും പ്രഖ്യാപനവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കാസർകോഡ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു
കാസർഗോഡ് : പരപ്പ മേഖലയിലെ പട്ടിക വർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി പരപ്പ പട്ടികവർഗ വികസന ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെയും സഹകരണത്തോടെ ആരംഭിച്ച പൊതു വിദ്യാഭ്യാസ ക്യാമ്പയിൻ 'ഉയരെ' യുടെ അഞ്ചു മാസങ്ങളായി തുടരുന്ന ജനകീയ പ്രവർത്തനങ്ങളുടെ അവലോകനവും ഇതുവരെ കൈവരിച്ച പുരോഗതിയുടെ പ്രഖ്യാപനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ അധ്യക്ഷയായ യോഗത്തിൽ ബഹു. കാസർകോഡ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു.
പട്ടികവർഗ വിഭാഗത്തിലെ എല്ലാ സ്കൂൾ പഠിതാക്കളുടെയും 100% എൻറോൾമെൻ്റ് 100% അറ്റൻഡൻസ് 0% ഡ്രോപ്ഔട്ട് എന്നതാണ് ഈ ജനകീയ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഉയരെ ക്യാമ്പയിൻ്റെ കണ്ടെത്തലുകളെ ഗൗരവമായി എടുക്കുകയും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പട്ടികവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനുള്ള തടസങ്ങൾ പരിഹരിക്കാൻ കൂട്ടിയ ശ്രമം നടത്തുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
പഠനത്തിലും സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിലും പ്രതിഭ തെളിയിച്ചിട്ടുള്ള ഈസ്റ്റ്എളേരി സർക്കാരി ഉന്നതിയിലെ പ്ലസ്‌ടു വിദ്യാർത്ഥി സച്ചു സതീഷിനെ ഉയരെ അമ്പാസഡറായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഉയരെ പ്രവർത്തന റിപ്പോർട്ടും പ്രോഗ്രസ് കാർഡും ചടങ്ങിൽ പ്രകാശിപ്പിച്ചു. പട്ടികവർഗ സമൂഹത്തിൽ നിന്നും വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ മുന്നേറ്റം നടത്തിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ, കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ , ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി മാണി, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് അനു പി വി, ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലത എ, കോടേം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജയചന്ദ്രൻ ടി വി, പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഒക്ലാവ് കൃഷ്ണൻ, റീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചിത്രലേഖ കെ പി, കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ സെറീന കെ പി, തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ജോസഫ് ചാക്കോ, കാസർഗോഡ് പട്ടികവർഗ വികസന ഓഫീസർ മധുസൂദനൻ കെ, പട്ടികജാതി വകുപ്പ് അസി ജില്ലാ ഓഫീസർ മിനി പി എന്നിവർ ആശംസകൾ അറിയിച്ചു. പരപ്പ ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസർ ബി സി അയ്യപ്പൻ സ്വാഗതവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ കെ നന്ദിയും പറഞ്ഞു. പരപ്പ അസിസ്റ്റൻ്റ് ടൈബ്രൽ ഡവലപ്മെൻ്റ് ഓഫീസർ ഷിനു സുകുമാരൻ ഉയരെ റിപ്പോർട്ട് അവതരിപ്പിച്ചു.
ഏഴ് പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾ, ഊരു മൂപ്പന്മാർ, ഉദ്യോഗസ്ഥർ, അധ്യാപകർ, പ്രമോട്ടർമാർ, ഫെസിലിറ്റേറ്റർമാർ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
No comments