Breaking News

ബസ്‌ സ്റ്റാൻഡിലെ മൂത്രപ്പുര അടച്ചിട്ടു; പ്രാഥമിക സൗകര്യമില്ലാതെ യാത്രക്കാർ


ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി ബസ്സ്സ്റ്റാൻഡിലെ മൂത്രപ്പുര ഒരുമാസമായി അടച്ചിട്ട നിലയിൽ. പ്രാഥമികാവശ്യം നിർവഹിക്കാൻ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിൽ. ടാങ്ക് നിറഞ്ഞുകവിയുന്നതും മൂത്രപ്പുര വൃത്തിഹീനമായതുമാണ് അടച്ചിടാൻ കാരണം. 25 വർഷം മുമ്പാണ് ഭീമനടി ബസ് സ്റ്റാൻഡും അനുബന്ധ കെട്ടിടങ്ങളും നിർമ്മിച്ചത്. നിരവധി ബസുകൾ കടന്നു പോകുന്ന പ്രധാന കേന്ദ്രമാണ് ഭീമനടി. നൂറുകണക്കിന് യാത്രക്കാരാണ് ഒരു ദിവസം ബസ് സ്റ്റാൻഡിൽ എത്തുന്നത്. ആദ്യ കാലത്ത് പണം നൽകിയാണ് യാത്രക്കാർ മൂത്രപ്പുര ഉപയോഗിച്ചിരുന്നത്. എന്നാൽ കരാർ എടുത്തയാൾ മൂത്രപ്പുര വൃത്തിയാക്കാറില്ല. ടോയിലെറ്റിനോട് അനുബന്ധിച്ചു നിർമിച്ച ടാങ്കുകൾ നിറഞ്ഞു കവിഞ്ഞതും, വൃത്തിഹീനമായതും കാരണം അത് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ് .

നാലുവർഷം മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് നവീകരണം നടത്തിയിരുന്നെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇന്നും ഇത് ഉപയോഗശൂന്യമാണ്. കുറച്ചു ദിവസം മുമ്പ് മൂത്രപ്പുര യാത്രക്കാർക്ക് തുറന്നു

കൊടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം നടത്തിയിരുന്നു. അറ്റകുറ്റപ്പണികൾ നടത്താൻ കരാർ നൽകിയിട്ടുണ്ടെന്നും ഉടൻ പണി ആരംഭിക്കുമെന്നും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞു.

No comments