ചായ്യോത്ത് വർണ്ണവസന്തം:ചെണ്ടുമല്ലി വിളവെടുത്തു
ചായ്യോത്ത് : കുണ്ടാരം പ്രദേശത്ത് കഴിഞ്ഞ പത്തു വർഷമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന സൗഹൃദ പുരുഷ സ്വയം സഹായ സംഘം ഇത്തവണ വേറിട്ട പ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു പൂക്കളം പദ്ധതിയുടെ ഭാഗമായി കിനാനൂർ കൃഷിഭവൻ മുഖേന സൗഹൃദ ഒരുക്കിയ ചെണ്ടുമല്ലി കൃഷി വൻ വിജയമായി. കുണ്ടാരത്തിൽ നിറയെ പൂക്കളുമായി നിൽക്കുന്ന ചെണ്ടുമല്ലി തോട്ടം ജനശ്രദ്ധ പിടിച്ചുപറ്റി. നിരവധി ആളുകൾ സെൽഫി എടുക്കാനും ഫോട്ടോ എടുക്കാനും ഇവിടെ എത്തുന്നുണ്ട്.
ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉദ്ഘാടനം കിനാനൂർ കൃഷി ഓഫീസർ ജെ.ജിജി നിർവഹിച്ചു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്‌പത്തൊമ്പതാം വാർഡ് മെമ്പർ കെ ധന്യ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൗഹൃദ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് അമ്പൂഞ്ഞി നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘം സെക്രട്ടറി വിനോദ് കോടോത്ത് സ്വാഗതവും ട്രഷറർ കെ രാജീവൻ നന്ദിയും പറഞ്ഞു. തുടർന്ന് നിരവധി ആളുകൾ പൂക്കൾ വാങ്ങാൻ എത്തിയിരുന്നു
No comments