ട്രയിനിലെ കവര്‍ച്ച : പ്രതിയെ 24 മണിക്കൂറിനകം പിടികൂടി കാസര്‍കോട് റെയില്‍വേ പോലീസ്
കാസർകോട് : ട്രെയിനിൽ നിന്നും ഐ പാഡും മൊബൈൽ ഫോണും പവർ ബാങ്കും കവർച്ച ചെയ്ത സംഭവത്തിൽ പ്രതിയെ കാസർകോട് റെയിൽവേ പൊലീസ് 24 മണിക്കറിനകം പിടികൂടി. മധ്യപ്രദേശ് സ്വദേശി ബദ റാത്തോ(37)റാണ് അറസ്റ്റിലായത്. ഉത്രാടദിവസം പുലർച്ചെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ വച്ചാണ് കവർച്ച നടന്നത്. മലപ്പുറം ഇരുമ്പുഴി വടക്കുമുറി സ്വദേശി പി. ഷനൂപ് റാമാന്റെ 89,000 രൂപ വില വരുന്ന ഐ പാഡ്, മൊബൈൽ ഫോൺ, പവർ ബാങ്ക് എന്നിവയാണ് മോഷണം പോയത്. ട്രെയിനിന്റെ പിന്നിലെ ജനറൽ കോച്ചിലെ യാത്രക്കാരനായിരുന്നു ഷനൂപ്. ട്രെയിൻ കാസർകോട് എത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവോണ ദിവസം കാസർകോട് ബസ് സ്റ്റാൻഡിൽ വച്ച് പ്രതിയെ പിടികൂടി. എസ്ഐ സിഎസ് സനിൽകുമാറിന്റെ മേൽനോട്ടത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ കൃപേഷ്, ആർപിഎഫ് സ്ക്വാഡിലെ അബ്ദുൽ സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു.
No comments