കാണാം ഒരു ഡെയ്‌റി ഫാം വിജയഗാഥ രണ്ടു പശുക്കൾമാത്രമുള്ള തൊഴുത്തിൽനിന്ന് തുടങ്ങി അറുപതിലധികം പശുക്കളുള്ള ഡെയ്റി ഫാമാക്കി മാറ്റിയിരിക്കയാണ് രാജപുരത്തെ കർഷക ദന്പതികൾ
രാജപുരം : കഠിനാധ്വാനവും ആത്മാർഥതയും പ്രതിസന്ധികളെ മറികടക്കാനുള്ള ചങ്കുറപ്പുമുണ്ടെങ്കിൽ ഏതൊരാൾക്കും ക്ഷീരമേഖലയിൽ തിളങ്ങാമെന്നും വലിയ വരുമാനമുണ്ടാക്കാമെന്നും തെളിയിക്കുകയാണ് രാജപുരം ഒന്നാംമൈയിലെ പുല്ലാഴിയിൽ ചാക്കോയും ഭാര്യ സ്വപ്ന വി ജോസും. രണ്ടു പശുക്കൾമാത്രമുള്ള തൊഴുത്തിൽനിന്ന് തുടങ്ങി അറുപതിലധികം പശുക്കളുള്ള ഡെയ്റി ഫാമാക്കി മാറ്റിയിരിക്കയാണ് ഈ കർഷക ദന്പതികൾ. ബിരുദപഠനത്തിനുശേഷം സ്വകാര്യ സ്കൂൾ നടത്തിയ ചാക്കോ സ്വന്തം സംരംഭം എന്ന ആശയം വിട്ടില്ല. പശുവളർത്തലിലേക്കുതന്നെ കടന്നു. കുട്ടിക്കാലത്ത് കുടുംബത്തിൽനിന്ന് ലഭിച്ച അറിവും പ്രചോദനമായി. ഭാര്യയുടെയും മക്കളുടെയും സഹായവും പിന്തുണയും ലഭിച്ചു. വീടിനോടുചേർന്നുള്ള പഴയ തൊഴുത്ത് അങ്ങനെ പരീക്ഷണശാലയായി. കിട്ടുന്ന പാൽ വീട്ടാവശ്യത്തിനും അധികമുള്ളത് അയൽവീടുകളിലും നൽകി. പുതുരീതികളിലെ പരിചയക്കുറവ് തുടക്കത്തിൽ ബുദ്ധിമുട്ടായി. പിന്നീട് പുതുരീതികൾ പഠിച്ചു. ശാസ്ത്രീയമായ കാര്യങ്ങൾ മനസിലാക്കി. ക്ഷീരവകുപ്പിൽനിന്ന് സാമ്പത്തികസഹായംകൂടി ലഭിച്ചതോടെ സംരംഭം വിപുലീകരിച്ചു. പശുക്കളുടെ എണ്ണം കൂടിയതോടെ മൂന്നുവർഷം മുമ്പ് വീടിനോടു ചേർന്ന് രണ്ടേക്കർ സ്ഥലത്ത് പുല്ലാഴി ഡെയ്റി ഫാം തുടങ്ങി. പിന്നിട് പുല്ലാഴി പ്രോഡക്ട് എന്നപേരിൽ പാക്കറ്റ് പാലിലേക്കും പാലുൽപ്പന്നങ്ങളിലേക്കും കടന്നു. പ്രതിദിനം 400 ലിറ്റർ പാലാണ് വിൽപ്പന നടത്തുന്നത്. ഹോൾസ്റ്റയിൻ ഫ്രീഷ്യൻ പശുക്കളാണ് അധികവും. ശുദ്ധമായ പാലിന് പ്രാദേശികമായി നല്ല വിപണിയുണ്ടെന്ന് ചാക്കോ പറയുന്നു. ഫാമിൽ സ്ഥാപിച്ചിരിക്കുന്ന മ്യൂസിക് സിസ്റ്റത്തിൽനിന്നുള്ള സംഗീതംകേട്ടാണ് പശുക്കൾ ഉണരുന്നതും ഉറങ്ങുന്നതും. ചൂട് നിയന്ത്രിക്കാൻ വലിയ ഫാനുകളും സ്ഥാപിച്ചു. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് പശുക്കൾക്ക് വെള്ളം നൽകുന്നത്. ഫാം എപ്പോഴും വൃത്തിയായി സൂക്ഷിക്കും. മൂത്രം ശേഖരിക്കാൻ പ്രത്യേക ടാങ്കുമുണ്ട്. ഗോബർ ഗ്യാസ് പ്ലാന്റും സ്ഥാപിച്ചു. അതിഥിതൊഴിലാളികളായ നാലുപേർക്കാണ് തൊഴുത്തിന്റെ ചുമതല. 2നേരമാണ് പശുക്കൾക്ക് ഭക്ഷണം. ഉണക്കച്ചാണകത്തിലൂടെയും നല്ല വരുമാനമുണ്ടാകുന്നു. ചാണകം
ഉണക്കാനായി പ്രത്യേക ഷെഡും സജ്ജമാക്കി. ശാസ്ത്രീയരീതിയിൽ ചാണകം ഉണക്കി പായ്ക്കറ്റുകളിലും ചാക്കുകളിലുമായാണ് വിൽപന.
No comments