ഷിറിയ പുഴയിലെ അനധികൃത മണൽകടത്ത് ; കുമ്പള പൊലീസ് നടത്തിയ റെയ്ഡിൽ രണ്ട് ലോറികൾ പിടികൂടി
കാസർകോട്: ഷിറിയ പുഴയിലെ പാച്ചാണിയിൽ അനധികൃത മണൽകടത്ത് സജീവമായി. കുമ്പള പൊലീസ് നടത്തിയ റെയ്ഡിൽ രണ്ട് ലോറികൾ പിടികൂടി. ഡ്രൈവർമാർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എസ് ഐ എസ് അനൂപിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അനധികൃത പൂഴിമണൽ കടത്ത് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പാച്ചാണിയിലെ കടവിലെത്തിയത്. ബിസി റോഡിന് സമീപത്തുവച്ച് മണൽകടത്തി പോകുന്ന ഒരു ലോറി പൊലീസ് പിടികൂടിയെങ്കിലും ഡ്രൈവർ രക്ഷപ്പെട്ടു. മറ്റൊരു ലോറി പൊലീസ് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. തുടർന്ന് ലോറിയെ പിന്തുടർന്നു. സുബയ്യക്കട്ടയിലെ നീർപന്തി എന്ന സ്ഥലത്തെ കയറ്റത്തിൽ വച്ച് ലോറിയിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടി. ഇതോടെ ലോറി പിറകോട്ട് നീങ്ങി റോഡരികിലെ തോട്ടിൽ മറിഞ്ഞു. ലോറിയിലെ മണൽ മുഴുവൻ തോടിൽ പതിച്ചു. ക്രെയിൻ ഉപയോഗിച്ച് ലോറിയെ ഉയർത്തി സ്റ്റേഷനിലെത്തിച്ചു. മണലിന്റെ സാമ്പിളുകളും പൊലീസ് ശേഖരിച്ചു. കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെ നിയമ വിരുദ്ധമായി മണൽകടത്തിയതിനും സർക്കാർ മുതലായ മണൽ മോഷ്ടിച്ചു കടത്തിയതിനും കേസെടുത്തു. എഎസ്ഐ അതുൽ റാം, സിപിഒ സുധീഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. വരുംദിവസങ്ങളിലും അനധികൃത മണൽകടത്ത് പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
No comments