കാസർകോട് ക്വിസ് വിവാദം: അധ്യാപകന്റെ സസ്പെൻഷൻ പ്രാഥമിക നടപടി മാത്രം; കൂടുതൽ പേർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
കാസർകോട്: കാസർകോട് സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ ചോദ്യാവലി വിവാദത്തിൽ നിലപാട് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു. വിഷയത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ പങ്കുണ്ടെന്ന് വ്യക്തമായാൽ അവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉള്ളതല്ല ഈ പരിപാടിയെന്നും പ്രാദേശികമായി തയ്യാറാക്കിയ ചോദ്യാവലിയാണ് മത്സരത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയെ അധ്യാപകർ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയ അജണ്ടകളും പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റരുതെന്നും, ചരിത്രപരമായ വസ്തുതകൾ തെറ്റായി അവതരിപ്പിക്കുന്ന പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ എൽ.പി വിഭാഗത്തിനായി സംഘടിപ്പിച്ച 'ഫ്രീഡം ക്വിസ്' മത്സരത്തിന്റെ ചോദ്യാവലിയിലാണ് വി. ഡി. സവർക്കറെ മഹത്വവൽക്കരിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയത്. സംഭവം വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്ക് വഴിതുറന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടതും ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതും.
No comments