വിവാഹമോചനവും പൂജയും വാഗ്ദാനം ചെയ്ത് ഉദുമ സ്വദേശിനിയില്‍ നിന്ന് 13 ലക്ഷം തട്ടിയ പ്രതി പിടിയില്‍
കാസര്‍ഗോഡ്: ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കി നല്‍കാമെന്നും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ നടത്താമെന്നും വിശ്വസിപ്പിച്ച് ഉദുമ സ്വദേശിയായ സ്‌ത്രീയുടെ പക്കല്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍.
കോട്ടയം ആനിക്കാട് സ്വദേശിയായ ആന്റണി വിന്‍സെന്റ് ആണ് കാസര്‍ഗോഡ് സൈബര്‍ ൈക്രം പോലീസിന്റെ പിടിയിലായത്. കൊല്ലം തെന്മലയില്‍നിന്നാണു പിടികൂടിയത്.
2025 സെപ്‌റ്റംബര്‍ 17 മുതല്‍ 2026 ജനുവരി 2 വരെയുള്ള കാലയളവിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന സ്‌ത്രീയെ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പ്രതി, ഫോണിലും വാട്‌സ്‌ആപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ട് വിശ്വാസം പിടിച്ചുപറ്റി.
തുടര്‍ന്ന് വിവാഹമോചന നടപടികള്‍ ഹൈക്കോടതി വഴി എളുപ്പത്തില്‍ തീര്‍പ്പാക്കി നല്‍കാമെന്നും നിലവിലുള്ള ജീവിതപ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പൂജകള്‍ നടത്തിയാല്‍ പരിഹാരം കാണാമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച യുവതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പലപ്പോഴായി 13,16,731 രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു.പരാതിയെത്തുടര്‍ന്ന് കാസര്‍ഗോഡ് സൈബര്‍ ൈക്രം പോലീസ് നടത്തിയ ശാസ്‌ത്രീയമായ അന്വേഷണത്തിലാണ് തെന്മലയില്‍ വെച്ച് പ്രതി കുടുങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്‌ഥാപിച്ച് നടത്തുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരേ പൊതുജനം അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ് സൈബര്‍ ൈക്രം പോലീസ് ഇന്‍സ്‌പെക്‌ടര്‍ (ഇന്‍ചാര്‍ജ്) നളിനാക്ഷന്‍ പിയുടെ നേതൃത്വത്തില്‍ എസ്.ഐ: സവ്യസാചി, എ.എസ്.ഐമാരായ രഞ്‌ജിത്ത് കുമാര്‍ പി. കെ., ദിലീഷ് എം, പ്രശാന്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സവാദ് അഷ്‌റഫ്, വിപിന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
No comments