തെരുവുനായ ശല്യം രൂക്ഷം; വിദ്യാർത്ഥികൾ ഭീതിയിൽ അടിയന്തര പരിഹാരം കാണണമെന്ന് കുമ്പളപ്പള്ളി സ്കൂൾ പിടിഎ ജനറൽ ബോഡിയോഗം
കരിന്തളം: കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായതോടെ വിദ്യാർത്ഥികൾ ഭീതിയിൽ. ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് സ്കൂൾ പിടിഎ ജനറൽ ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
സ്കൂളിലേക്കുള്ള വഴിയിൽ കൂട്ടത്തോടെ അലഞ്ഞുതിരിയുന്ന തെരുവുനായകൾ വിദ്യാർത്ഥികൾക്ക് ഭീഷണിയാകുകയാണ്. നായകൾ പിന്നാലെ കൂടുന്നതിനാൽ പല വിദ്യാർത്ഥികൾക്കും കാൽനടയായി സ്കൂളിലെത്താൻ കഴിയാത്ത സ്ഥിതിയാണ്. നായകൾ റോഡിലേക്ക് പാഞ്ഞുകയറുന്നതിനെ തുടർന്ന് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.
സ്കൂൾ കോമ്പൗണ്ടിനുള്ളിലും നായശല്യം രൂക്ഷമാണ്. നായകളുടെ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥികൾ പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ഭീതിമൂലം വിദ്യാർത്ഥികൾക്ക് ഗ്രൗണ്ടിൽ ഇറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ്. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് തെരുവുനായ ശല്യത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പിടിഎ പ്രസിഡന്റ് വി വി രാജ്മോഹനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സജി പി ജോസ് സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് വി.കെ. ഗിരീഷ്, എം.പി.ടി.എ പ്രസിഡന്റ് പി. അമൃത എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി. വിമൽദാസ് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ: വി വി. രാജ്മോഹനൻ (പ്രസിഡന്റ്), വി.കെ. ഗിരീഷ് (വൈസ് പ്രസിഡന്റ്), മിനി രാജു (എം.പി.ടി.എ പ്രസിഡന്റ്), കൃഷ്ണവേണി (എം.പി.ടി.എ വൈസ് പ്രസിഡന്റ്).
No comments