Breaking News

മെക്കാഡം റോഡ് അവസാനിക്കുന്നിടത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡ് അപകടക്കെണിയാവുന്നു ; ശാശ്വത പരിഹാരമില്ലാതെ പരപ്പ–ബിരിക്കുളം റോഡ്


പരപ്പ: പരപ്പ–ബിരിക്കുളം റോഡിൽ പുലിയങ്കുളം ആർ.ടി.ഒ. ടെസ്റ്റിങ് ഗ്രൗണ്ടിന് സമീപം വർഷങ്ങളായി രൂപപ്പെട്ടിരിക്കുന്ന കൂറ്റൻ കട്ടറുകൾ നിറഞ്ഞ തകർന്ന റോഡ് ഭാഗം യാത്രക്കാർക്ക് ഗുരുതര അപകടഭീഷണിയാകുന്നു. പരപ്പ മുതൽ പുലിയംകുളം ആർ ടി ഒ ടെസ്റ്റിങ് ഗ്രൗണ്ടിന് സമീപം വരെയുള്ള ഭാഗം മികച്ച മെക്കാഡം റോഡായതിനാൽ വാഹനങ്ങൾ സാധാരണയായി ഉയർന്ന വേഗതയിലാണ് സഞ്ചരിക്കുന്നത്. മെക്കാഡം റോഡ് അവസാനിക്കുന്ന ഭാഗത്താണ് ഈ കട്ടർ സ്ഥിതി ചെയ്യുന്നത്.


പുതുതായി ഈ റോഡിലൂടെ എത്തുന്ന വാഹനയാത്രക്കാർക്ക് മെക്കാഡം റോഡ് അവസാനിക്കുന്ന ഭാഗം പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് കട്ടറിലേക്ക് ചാടിവീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡിനെക്കുറിച്ച് പരിചയമുള്ളവർ മെക്കാഡം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ വേഗം കുറച്ച് കട്ടർ കടന്നുപോകാറുണ്ടെങ്കിലും, ആദ്യമായി എത്തുന്നവരും പ്രദേശപരിചയമില്ലാത്തവരുമാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്.


വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട ഈ കട്ടർ ഇടയ്ക്കിടെ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ശാശ്വതമായ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. നിരവധി വാഹനാപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ടെന്നും അധികൃതരുടെ ശ്രദ്ധയിൽ പലതവണ വിഷയം കൊണ്ടുവന്നിട്ടും സ്ഥിരമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.


പരപ്പ–ബിരിക്കുളം–കാഞ്ഞങ്ങാട് പ്രധാന ബസ് റൂട്ടായ ഈ റോഡിലൂടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നു. കൂടാതെ സമീപത്തെ പുലിയങ്കുളം ആർ.ടി.ഒ. ടെസ്റ്റിങ് ഗ്രൗണ്ടിലേക്ക് ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്ന പരിശീലന വാഹനങ്ങളും ഉദ്യോഗാർഥികളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. നിരവധി ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്.അതിനാൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കട്ടർ ശാശ്വതമായി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

No comments