പാലായി മാട്ടുമ്മൽ തറവാട്ടിലേക്ക് നിർമ്മിച്ച മരപ്പാലം വെള്ളപൊക്കത്തിലും കുത്തൊഴുക്കിലും തകർന്നു...
നീലേശ്വരം: കനത്തുപെയ്ത മഴയിൽ പാലായി മാട്ടുമ്മൽ തറവാട്ടിലേക്ക് നിർമ്മിച്ച മരപ്പാലം വെള്ളപൊക്കത്തിലും കുത്തൊഴുക്കിലും തകർന്നു. ദ്വീപിലെ മാട്ടുമ്മൽ തറവാട് സ്ഥിതി ചെയുന്ന ദ്വീപിലേക്കുള്ള ഏക യാത്രാമാർഗമായിരുന്നു മരപ്പാലം.
മാട്ടുമ്മൽ ദീപിലെ തെയ്യം കാണാൻ, ഭക്തർ തോണി തുഴഞ്ഞും ചങ്ങാടം കയറിയുമായിരുന്നു എത്തിയിരുന്നത്. എന്നാൽ വർഷങ്ങളായി തെയ്യം കാണാനായി വരുന്നവർക്ക് പാലായി മാട്ടുമ്മലെത്താൻ മാട്ടുമ്മൽ തറവാട്ടുകാർ നിർമ്മിച്ച മരപ്പാലമാണ് തകർന്നത്. ഓരോ വർഷവും മരപ്പാലം തറവാട്ടു കമ്മിറ്റി പുതുക്കിപ്പണിയും. ഉഗ്രമൂർത്തികളായ ദണ്ഡ്യങ്ങാനത്ത് ഭഗവതി അടക്കമുള്ള 10 ഓളം തെയ്യങ്ങൾ കെട്ടിയാടുന്ന തറവാടാണ് പാലായിലെ മാട്ടുമ്മൽ തറവാട്. പക്ഷേ, ഈ തറവാട് സ്ഥിതി ചെയ്യുന്നതാവാട്ടെ പുഴയിലുള്ള ദ്വീപിലും. മൂന്നുവർഷത്തിൽ ഒരിക്കൽ കെട്ടിയാടുന്ന തെയ്യം കാണുന്നതിനായി നീലേശ്വരം നഗരസഭയിലെയും കയ്യൂർ– ചീമേനി പഞ്ചായത്തിലെയു തീരഗ്രാമങ്ങളിലെ ഭക്തരും നാട്ടുകാരും എത്തിചേരുന്നതു തോണിയിലൂടെ സഞ്ചരിച്ചാണ്. വർഷ കാലത്ത് ദ്വീപ് മലവെള്ളത്താൽ നിറയും. തറവാടിന്‍റെ പാതി ഭാഗം വരെ വെള്ളത്തിനടിയിലാകും. ഇത്തരത്തിൽ ഗ്രാമക്കാഴ്ചകളിൽ വേറിട്ട് നിൽക്കുന്ന തറവാട്ടിലെ തെയ്യം കാണാൻ ഭക്തരുടെ എണ്ണം വർധിച്ചതോടെയാണ് സ്വന്തമായി മരപ്പാലം നിർമിക്കുകയെന്ന ആശയത്തിലേക്ക് തറവാട്ടുകാർ എത്തിയത്. 10 എക്കറോളം നീളത്തിൽ കിടക്കുന്ന ദ്വീപിൽ ആകെയുള്ളത് ഈ തറവാട് മാത്രമാണ്. ഈ ദ്വീപ് മുഴുവൻ ഒരു കാലത്ത് തറാവാടിന്‍റെ അധീനതയിലായിരുന്നു. ഇപ്പോൾ മറ്റു പലരും ഇവിടെ സ്ഥലമെടുത്തിട്ടുണ്ട്. കർഷകർ ഈ സ്ഥലം വാഴ കൃഷി നടത്താനും ഉപയോഗിക്കാറുണ്ട്. . തറവാട്ടിൽ നിത്യദീപം തെളിയിക്കുന്നതിന് എല്ലാ ദിവസവും തറവാടിന്‍റെ ചുമതലപ്പെട്ടവർ എത്തുന്നതും തോണിയിൽ തന്നെയായിരുന്നു. മരപ്പാലം വന്നതോടെ ദ്വീപിലേക്കുള്ള യാത്ര എളുപ്പമായി. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ തിമർത്തു പെയ്ത മഴയിൽ തേജസ്വിനി കരകവിഞ്ഞൊഴുകുകയായിരുന്നു. ഈ മലവെള്ളപ്പാച്ചിലിലാണ് പാലം തകർന്നത്.
No comments