ജസ്റ്റിൻ മാർട്ടിൻ മെമ്മോറിയൽ അഖില കേരള വടംവലി മത്സരം ചുള്ളിയിൽ സമാപിച്ചു എവർ ഷൈൻ കൊണ്ടോട്ടി, മലപ്പുറം ജേതാക്കളായി
മാലോം: ചുള്ളി രാജീവ്ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജസ്റ്റിൻ മാർട്ടിൻ മെമ്മോറിയൽ അഖില കേരള വടംവലി മത്സരം ചുള്ളിയിൽ സമാപിച്ചു. തൃക്കരിപ്പൂർ എം.എൽ.എ. സന്ദീപ് വാര്യർ മത്സരം ഉദ്ഘാടനം ചെയ്തു.
രണ്ട് വർഷം മുമ്പ് വാഹനാപകടത്തിൽ അകാലത്തിൽ മരണപ്പെട്ട ജസ്റ്റിൻ മാർട്ടിന്റെ ഓർമ്മയ്ക്കായാണ് നാട്ടുകാരുടെയും ചുള്ളി രാജീവ്ജി ക്ലബ്ബ് പ്രവർത്തകരുടെയും നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചത്. നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ജസ്റ്റിൻ മാർട്ടിൻ.
ജസ്റ്റിന്റെ കല്ലറയിൽ പോയി ഓർമ്മകൾ പുതുക്കിയ ശേഷമാണ് മത്സരത്തിന്റെ ചടങ്ങുകൾ ആരംഭിച്ചത്.
ക്ലബ്ബ് പ്രസിഡന്റ് ബിബിൻ അറയ്ക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മുഖ്യാതിഥിയായി.
ബളാൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ്, പഞ്ചായത്ത് അംഗം ജോസ് മാത്യു, ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിബിച്ചൻ പുളിങ്കാല എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ നാട്ടിലേക്ക് ആവശ്യമായ വിവിധ വികസന പ്രവർത്തനങ്ങൾ ആവശ്യപ്പെട്ടുള്ള നിവേദനം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, എം.എൽ.എ. സന്ദീപ് വാര്യർക്ക് സമർപ്പിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 19 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. എവർ ഷൈൻ കൊണ്ടോട്ടി, മലപ്പുറം ജേതാക്കളായി ജസ്റ്റിൻ മാർട്ടിൻ മെമ്മോറിയൽ കപ്പ് സ്വന്തമാക്കി.
വിന്നേഴ്സ് അമ്മാനി, വയനാട് രണ്ടാം സ്ഥാനവും യുവധാര നടുവിൽ, കണ്ണൂർ മൂന്നാം സ്ഥാനവും നേടി.
സെന്റ് മേരീസ് ചർച്ച് വികാരി റവ. ഫാ. അലക്സ് നിരപ്പേൽ സമ്മാനദാനം നിർവഹിച്ചു. ക്ലബ്ബ് സെക്രട്ടറി വിഷ്ണു പ്രസാദ് നന്ദി പറഞ്ഞു.
No comments