റാണിപുരം അഡ്വഞ്ചർ പാർക്ക് വീണ്ടും തുറന്നത് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി : അടിസ്ഥാന രഹിതമായ പ്രചരണങ്ങളിൽ വ്യക്തത വരുത്തി മാനേജ്‌മെന്റ്
പനത്തടി: റാണിപുരത്ത് പ്രവർത്തിക്കുന്ന അഡ്വഞ്ചർ പാർക്ക് വീണ്ടും തുറന്നു പ്രവർത്തിച്ചത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റി പ്രതിനിധികൾ അറിയിച്ചു.
സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും പാർക്ക് മാനേജ്‌മെന്റ് അറിയിച്ചു.
അപകടങ്ങൾ മേലിൽ ഒരിടത്തും ആവർത്തിക്കാതിരിക്കാൻ സാങ്കേതിക വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം പാർക്കിലെ മുഴുവൻ റൈഡുകളിലും സമ്പൂർണ്ണ സുരക്ഷാ ഓഡിറ്റിംഗ് പൂർത്തിയാക്കിയിട്ടുണ്ട്.
മുമ്പ് സിപ്‌ലൈൻ ആരംഭിക്കുന്ന ഭാഗം പൂർണ്ണമായും തുറന്ന നിലയിലായിരുന്നുവെങ്കിൽ, ഇപ്പോൾ അപകട സാധ്യതകൾ പൂർണ്ണമായി ഇല്ലാതാക്കാൻ അവിടെ പ്രത്യേക സുരക്ഷാ വാതിലുകൾ (Safety Doors) സ്ഥാപിച്ചു. സിപ്‌ലൈൻ റൈഡ് ആരംഭിക്കുന്ന കൃത്യസമയത്ത് മാത്രം ഡോർ തുറക്കുകയും, റൈഡർ പോയ ഉടൻ തന്നെ അടയ്ക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഇതിലൂടെ റൈഡർമാർക്കോ ഓപ്പറേറ്റർമാർക്കോ അബദ്ധത്തിൽ കാൽവഴുതി വീഴാനുള്ള സാഹചര്യം പൂർണ്ണമായും ഒഴിവാക്കി.ഓപ്പറേറ്റർമാർക്ക് കർശനമായ സേഫ്റ്റി ബെൽറ്റ് (Safety Harness/Belt) സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്.
റോപ്പ് റൈഡർ പ്രവർത്തിക്കുന്ന ഭാഗത്ത് കൂടുതൽ സുരക്ഷാ ഗേറ്റുകളും അധിക ഹാൻഡ്‌റെയിലുകളും സ്ഥാപിച്ച് സുരക്ഷിതത്വം വർദ്ധിപ്പിച്ചതായും മാനേജ്മെൻറ് അറിയിച്ചു. ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടെയുള്ള മറ്റ് ആക്ടിവിറ്റികളിലും സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.
പ്രവർത്തി പരിചയമുള്ള ജീവനക്കാരാണ് ഇപ്പോൾ മുഴുവൻ റൈഡുകളും പ്രവർത്തിപ്പിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യവസായ നയങ്ങൾക്ക് വിധേയമായി, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചും നിയമാനുസൃതമായ അനുമതികളോടെയുമാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനമായ പനത്തടി ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും സ്വാഗതം ചെയ്യുകയും പഞ്ചായത്ത് ആവശ്യപ്പെടുന്ന എല്ലാ സാങ്കേതിക പരിശോധനകളോടും പൂർണ്ണമായി സഹകരിക്കുകയും ചെയ്യും. ആവശ്യമായ എല്ലാ സുരക്ഷാ രേഖകളും സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
ജില്ലയുടെ ടൂറിസം വികസനത്തിനും സഞ്ചാരികൾക്ക് സുരക്ഷിതമായ അനുഭവം പകരുന്നതിനും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്ന ഈ സംരംഭത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളിൽ നിന്ന് പിന്തിരിയണമെന്നും, യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി എല്ലാ വിഭാഗം ജനങ്ങളും,സന്ദർശകരും സഹകരിക്കണമെന്നും പാർക്ക് മാനേജ്‌മെന്റ് അഭ്യർത്ഥിച്ചു.
No comments