നീലേശ്വരം ഇലക്ട്രിസിറ്റി ഓഫീസ് ഇനി ബി എസ് എൻ എൽ കെട്ടിടത്തിലേക്ക്
സ്വകാര്യ കമ്പനികളുടെ കടന്നുകയറ്റത്തെ തുടർന്ന് നഷ്ടത്തിലോടുന്ന ബിഎസ്എൻഎല്ലിന്റെ നഷ്ടം കുറക്കാൻ ബിഎസ്എൻഎല്ലിന്റെ അധീനതയിലുള്ള ഓഫീസുകൾ, കെട്ടിടങ്ങൾ, സ്ഥലങ്ങൾ എന്നിവ വാടകയ്ക്ക് നൽകുന്ന പദ്ധതി ജില്ലയിലും നടപ്പിലാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി നീലേശ്വരം നഗരമധ്യത്തിൽ രാജാ റോഡരികിലുള്ള കെട്ടിടവും വാടകയ്ക്ക് നൽകിത്തുടങ്ങി. ചിറപ്പുറം ആലിൻ കീഴിൽ സ്വകാര്യ ബിൽഡിംഗ് പ്രവർത്തിക്കുന്ന കെഎസ്ഇബിയുടെ നീലേശ്വരം സെക്ഷൻ ഓഫീസ് അടുത്തമാസം 10 മുതൽ ബിഎസ്എൻഎൽ ബിൽ 'ഡിങ്ങിലേക്ക് മാറും. ബിഎസ്എൻഎൽ ബിൽഡിങ്ങിന്റെ ഒന്നാം നിലയും ക്വാർട്ട്സുകളുമാണ് കെഎസ്ഇബിക്ക് വാടകയ്ക്ക് നൽകിയത്. ഇതിന് പുറമേ മെയിൻ ബസാറിൽ വാടക ബിൽഡിങ്ങിൽ ഉള്ള സൗത്ത് ഇന്ത്യൻ ബാങ്ക് അടുത്തുതന്നെ ബിഎസ്എൻഎൽ ബിൽഡിങ്ങിലേക്ക് മാറും. ഉത്തര മലബാർ ദേവസ്വം കമ്മീഷണർ ഓഫീസും ഇവിടേക്ക് മാറാൻ സ്ഥല പരിശോധന നടത്തി കഴിഞ്ഞു. നഗര മധ്യത്തിൽ തന്നെയുള്ള കെട്ടിടമായതിനാൽ ഇവിടെ ഓഫീസുകൾ പ്രവർത്തിച്ചാൽ പൊതു ജനങ്ങൾക്കും ഉപകാരപ്രദമാകും. ടെലികോം മേഖലയിലെ കടുത്ത മത്സരവും സാമ്പത്തിക പ്രതിസന്ധിയും കാരണം ബിഎസ്എൻഎലിന് മറ്റ് വരുമാന മാർഗ്ഗങ്ങൾ അത്യാവശ്യമായതിനാലാണ് ഈ നടപടി.
ബിഎസ്എൻഎലിന്റെ ആസറ്റ് മോണിറൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളും ഓഫീസുകളും വാടകയ്ക്ക്നൽകുവാൻ തീരുമാനിച്ചത്.കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ,ബാങ്കൾ, ധനകാര്യ സ്ഥാപനങ്ങൾ,സ്വകാര്യ കമ്പനികൾ, ഐടി സ്ഥാപനങ്ങൾ,പ്രൊഫഷണൽ സ്ഥാപനങ്ങൾ, കോ വർക്കിംഗ് സ്പേസുകൾ എന്നിവയ്ക്കാണ് ബിഎസ്എൻഎൽ ബിൽഡിങ്ങുകൾ വാടകയ്ക്ക് നൽകുക. ഇത്തരം സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകുന്നതിലൂടെ കമ്പനിക്ക് കൃത്യമായ മാസവരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ . കെ എസ് ഇ ബി ഓഫീസ് ബിഎസ്എൻഎൽ കെട്ടിടത്തിലേക്ക് മാറുന്നതിന് ഭാഗമായി സാധനങ്ങളൊക്കെ മാറ്റി തുടങ്ങി.
No comments