വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന പരാതി: ഈസ്‌റ്റളേരി മുൻ പഞ്ചായത്ത് പ്രസിഡന്റിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി; ഒരു ക്രമക്കേടും കാട്ടിയിട്ടില്ലെന്നും നിയമപരമായി നേരിടുമെന്നും പന്തമാക്കൽ
അഴിമതി നിരോധന നിയമപ്രകാരമാണ് പ്രോസിക്യൂഷന് അനുമതി നൽകിയത്.
ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് 2026 സെപ്റ്റംബർ 9ന് ജി.ഒ.(ആർ.ടി) നമ്പർ 1700/2026/എൽ.എസ്.ജി.ഡി ഉത്തരവ് പുറപ്പെടുവിച്ചു. കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെല്ലിലെ വി.സി. 02/2018/എസ്.സി.കെ കേസിലെ അന്വേഷണ രേഖകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്.
വിജിലൻസ് അന്വേഷണ രേഖകൾ പ്രകാരം, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ വിവിധ കാലയളവുകളിൽ വാർഡ് അംഗം, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്ന ജെയിംസ് പന്തമാക്കൽ പൊതുസേവകനായിരിക്കെ വരുമാനവുമായി പൊരുത്തപ്പെടാത്ത രീതിയിൽ സ്വത്ത് സമ്പാദിച്ചതായാണ് കണ്ടെത്തൽ.
2007 ജനുവരി 1 മുതൽ 2018 ജൂലൈ 5 വരെയുള്ള കാലയളവിലാണ് വിജിലൻസ് റെയിഡും കണക്കെടുപ്പും നടത്തിയത്. ഈ കാലയളവിൽ ജെയിംസ് പന്തമാക്കൽ 78,97,232 രൂപയുടെ സ്വത്തുക്കൾ സമ്പാദിച്ചതായും 1,34,07,736 രൂപ ചെലവഴിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി സർക്കാർ ഉത്തരവിൽ പറയുന്നു.
ഇതോടെ ആകെ സ്വത്ത്-ചെലവ് 2,13,04,968 രൂപയായി കണക്കാക്കി.
അതേസമയം, അന്വേഷണത്തിൽ കണക്കാക്കിയ ജെയിസിൻ്റെ അറിയപ്പെടുന്നതും നിയമാനുസൃതവുമായ വരുമാനം 1,18,06,300 രൂപ മാത്രമാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഇതനുസരിച്ച് 94,98,668 രൂപയുടെ സ്വത്തും സാമ്പത്തിക വിഭവങ്ങളും വരുമാനത്തിൽ അധികമായി കണ്ടെത്തിയതായി വിജിലൻസ് രേഖകൾ വ്യക്തമാക്കുന്നു.
അറിയപ്പെടുന്നതും നിയമാനുസൃതവുമായ വരുമാനത്തേക്കാൾ 80.45 ശതമാനം അധികമാണ് ഈ തുകയെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളും സാമ്പത്തിക വിഭവങ്ങളും ഉൾപ്പെടെയാണ് വിജിലൻസ് കണക്കെടുപ്പ് നടത്തിയിരിക്കുന്നത്.
വരവിൽ കവിഞ്ഞ സ്വത്തുക്കൾ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെന്നും, നിയമങ്ങൾക്കും ചട്ടങ്ങൾക്കും ഉത്തരവുകൾക്കും അനുസരിച്ച് സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ യഥാസമയം വെളിപ്പെടുത്തിയില്ലെന്നും അന്വേഷണ രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് ക്രിമിനൽ ദുർനടപ്പായി കണക്കാക്കുന്നതായും ഉത്തരവിൽ പറയുന്നു.
ജെയിംസ് പനമാക്കലിൻ്റെ നടപടികൾ അഴിമതി നിരോധന നിയമം, 1988-ലെ 13(2), 13(1)(ഇ) വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകളും ആരോപണങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് നിയമനടപടിക്ക് അനുമതി നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ജെയിംസ് പന്തമാക്കലിനെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള സർക്കാർ, ലഭ്യമായ അന്വേഷണ രേഖകളും കേസിന്റെ സാഹചര്യങ്ങളും പരിശോധിച്ച് കോടതിയിൽ പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ടെന്ന് പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്.
തുടർന്ന് അഴിമതി നിരോധന നിയമത്തിലെ 19(1)(ബി) വകുപ്പ് പ്രകാരം ജെയിംസ് പി.എം.ക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ അനുമതി സർക്കാർ ഔദ്യോഗികമായി നൽകി. കേസുമായി ബന്ധപ്പെട്ട മറ്റ് നിയമവകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്കും നിയമനടപടികൾ സ്വീകരിക്കാനും യോഗ്യമായ കോടതിയിൽ കേസ് പരിഗണനയ്ക്ക് കൊണ്ടുവരാനും ഉത്തരവിൽ അനുമതി നൽകിയിട്ടുണ്ട്.
ഗവർണറുടെ ഉത്തരവനുസരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് എസ്. ഐ.എ.എസ്. ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ പകർപ്പ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ, കോഴിക്കോട് സ്പെഷ്യൽ സെൽ പോലീസ് സൂപ്രണ്ട്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പബ്ലിക് പ്രോസിക്യൂട്ടർ, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം രാഷ്ട്രീയ എതിരാളികളാണ് തന്നെ വേട്ടയാടുന്നതെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നും വിജിലൻസ് അന്വേഷ ണത്തെ നിയമപരമായി നേരിടുമെന്നും ജെയിംസ് പന്തമാക്കൽ പറഞ്ഞു.
തനിക്ക് ഏജൻസി വഴി 21 ഓളം വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസ് ഉണ്ടായിരുന്നുവെന്നും ഇതിൽ കമ്മീഷൻ ആയി കിട്ടിയ പണം തന്നെ ഒരു ദിവസം ഒരു ലക്ഷം രൂപ വരെ കിട്ടിയിരുന്നുവെന്നും ഇതെല്ലാമാണ് അനധികൃത സമ്പാദ്യമെന്ന് വ്യാഖാനിച്ചതെസും പരാതിക്ക് പിന്നിൽ ഒരു വനിതാ മുൻ ജനപ്രതിനിധിയുടെ റിട്ട. സർക്കാർ ഉദ്യോഗസ്ഥനും ചില ഉദ്യോഗസ്ഥ ലോബികളുമാണെന്നും ജെയിംസ് പന്തമാക്കൽ ആരോപിച്ചു.
No comments