Breaking News

നിയമവിരുദ്ധ മത്സ്യബന്ധനം : മടക്കരയിൽ രണ്ട് ബോട്ടുകള്‍ പിടിയില്‍


കാഞ്ഞങ്ങാട്: നിയമവിരുദ്ധ മത്സ്യബന്ധനത്തിലേർപ്പെട്ട പുതിയ, മടക്കര ബോട്ടുകൾ പിടിയിൽ. ഫിഷറീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ രാത്രികാല കടൽ പട്രോളിംഗിലാണ് ബോട്ടുകൾ പിടികൂടിയത്. കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷൈനി സി.കെ യുടെ നിർദേശാനുസരണം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ. ചന്ദന ദിനകരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
രാത്രി സമയത്ത് അനധികൃതമായി പെയർ ട്രോളിങ് നടത്തിയ കിങ് ഫിഷർ എന്ന ബോട്ടും, രാത്രി ട്രോളിങ് നടത്തിയ സാൻവി എന്ന ബോട്ടുമാണ് പിടിയിലായത്. അഡ്ജുഡിഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി ബോട്ടുകൾ അഴിത്തലയിലെത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ഗാർഡ് അർജുൻ, റെസ്ക്യൂ ഗാർഡുമാരായ അഷ്ഫാഖ് അലി, രാജേഷ്, ഹാർബർ ഗാർഡുമാരായ ശിവകുമാർ, മുത്തു, ബോട്ട് ഡ്രൈവർമാരായ ഇക്ബാൽ, സത്യൻ, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് നിയമലംഘനം പിടികൂടിയത്. നിയമവിരുദ്ധ മത്സ്യബന്ധന രീതികൾക്കെതിരെയുള്ള നടപടികൾ തുടരുകയാണെന്നും നിയമം നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി കെ . ഷൈനി അറിയിച്ചു.

No comments