സ്‌കൂള്‍ മൈതാനത്ത് അനധികൃതമായി കുതിരയെ ഇറക്കി; മാനന്തവാടിയില്‍ ഉടമക്കെതിരെ പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍
മാനന്തവാടി: പ്രവര്‍ത്തി ദിനത്തിൽ മുന്നറിയിപ്പില്ലാതെ സ്‌കൂള്‍ ഗ്രൗണ്ടില്‍ കുതിരയുമായെത്തി വിദ്യാര്‍ഥികളെ ഭീതിയിലാക്കിയ സംഭവത്തിൽ കുതിരയുടെ ഉടമക്കെതിരെ പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാനന്തവാടി ജി.വി.എച്ച്.എസ്എസിന്റെ മൈതാനത്തേക്ക് അനധികൃതമായി പ്രവേശിപ്പിച്ച കുതിരയെ ഒരു തരത്തിലുള്ള സുരക്ഷ മുന്‍കരുതലുകളും എടുക്കാതെ ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പേടിച്ചുപോയ കുതിര പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കുട്ടികള്‍ കായിക പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു ഗ്രൗണ്ടിലേക്ക് കുതിര എത്തിയത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കുതിര ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ ഓടിയടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ തന്നെ ചിലര്‍ പകര്‍ത്തിയതാണിത്. തലനാരിഴയ്ക്കാണ് കുട്ടികള്‍ വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
No comments