Breaking News

മുക്കുപണ്ടത്തട്ടിപ്പ് ; കര്‍ണാടക സ്വദേശികള്‍ അജാനൂരിൽ 2 ലക്ഷവും 
ചെറുവത്തൂരിൽ 5 ലക്ഷവും തട്ടി


കാഞ്ഞങ്ങാട് : കർണാടക സ്വദേശികൾ മുക്കുപണ്ടങ്ങൾ നൽകി കാഞ്ഞങ്ങാട്ടും തട്ടിപ്പ് നടത്തി. തട്ടിപ്പിനിരയായ അജാനൂരിലെ വ്യാപാരിയുടെ പരാതിയിൽ കർണാടക സ്വദേശികളായ ശാന്തി (50) രാജു എന്നിവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ചന്തേര പൊലീസ് രജിസ്റ്റർചെയ്ത സമാന തട്ടിപ്പുകേസിൽ ഇരുവരും പ്രതികളാണ്. ശാന്തിയെ ചന്തേര പൊലീസ് അറസ്റ്റുചെയ്തിരുന്നു. രാജു ഒളിവിലാണ്. റിമാൻഡിൽ കഴിയുന്ന ശാന്തിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള അനുമതിക്കായി ഹൊസ്ദുർഗ് പൊലീസ് വ്യാഴാഴ്ച വൈകിട്ടോടെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ അപേക്ഷ നൽകി. ചെറുവത്തൂരിലെ വ്യാപാരിയിൽനിന്ന് അഞ്ചുലക്ഷം തട്ടിയ കേസിലാണ് ചന്തേര പൊലീസ് കേസെടുത്തത്. താമസിക്കാൻ വാടക വീട് അന്വേഷിച്ചാണ് ശാന്തിയും രാജുവും അജാനൂരിൽ വ്യാപാരിയെ സമീപിച്ചത്. തുടർന്ന് വ്യാപാരിയുടെ മൊബൈൽ ഫോൺ നമ്പർ വാങ്ങുകയും പിന്നീട് വിളിക്കുകയും ചെയ്തു. മൈസൂരുവിലെ

താമസസ്ഥലത്ത് നിന്ന് കുഴിയെടുക്കുമ്പോൾ കിട്ടിയ കുറേ പഴയസ്വർണാഭരണങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും ഇത് ജ്വല്ലറിയിൽ വിൽക്കാൻ തങ്ങൾക്ക് കഴിയാത്തതിനാൽ ചെറിയ തുകക്ക് നൽകാമെന്നും പറഞ്ഞു. തുടർന്ന് കടയിലെത്തിയ സംഘം പുരാതനകാലത്തേതെന്ന് തോന്നിപ്പിക്കുന്ന ഒരു നാണയം കാണിച്ച് വ്യാപാരിയുടെ വിശ്വാസം പിടിച്ചുപറ്റി. സ്വർണം കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ മാലയുടെ ഒരു ഭാഗം സഞ്ചിയിൽനിന്ന് എടുത്തുനൽകി. ഈ സ്വർണം കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയിൽ പരിശോധിച്ചപ്പോൾ സ്വർണമാണെന്ന് വ്യക്തമായി. തുടർന്ന് തങ്ങളുടെ പക്കൽ രണ്ട് കിലോയിലേറെ പഴയ സ്വർണാഭരണങ്ങളുണ്ടെന്നും 2 ലക്ഷം നൽകിയാൽ അത് നൽകാമെന്നും വ്യാപാരിയെ അറിയിച്ചു. രണ്ടുകിലോ സ്വർണം കുറച്ചായി വിൽപ്പന നടത്തണമെന്നും അപ്പോൾ 25 ശതമാനം നിങ്ങൾ എടുത്ത് ബാക്കി തുക തങ്ങൾക്ക് നൽകണമെന്നും പ്രതികൾ വ്യാപാരിയോട് പറഞ്ഞു. പിറ്റേ ദിവസം കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്തെ പെട്രോൾ പമ്പിനടുത്ത് വെച്ച് കടമായി വാങ്ങിയ 2 ലക്ഷം രൂപ വ്യാപാരി പ്രതികൾക്ക് നൽകി. രണ്ട് കിലോയിലേറെ വരുന്ന ആഭരണങ്ങൾ വാങ്ങുകയുംചെയ്തു. പ്രതികൾ പണവുമായി മടങ്ങിയശേഷം കടം വാങ്ങിയ 2 ലക്ഷം രൂപ തിരികെ നൽകാനായി മാലയിൽനിന്നും ഒന്ന് പണയം വയ്ക്കാൻ കൊണ്ടുപോയപ്പോഴാണ് ആഭരണങ്ങൾ മുഴുവൻ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. അജാനൂരിലെ വ്യാപാരിക്ക് പുറമെ നിരവധി പേർക്ക് അവരുടെ തട്ടിപ്പിൽ അകപ്പെട്ട് ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.

No comments