നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന 'ഓട്ടംതുള്ളൽ' സിനിമ തമിഴിലേക്കും ?.. കാഞ്ഞങ്ങാട് ദീപ്തി തിയേറ്ററിൽ വിജയാഘോഷ പരിപാടി നടന്നു
കാഞ്ഞങ്ങാട്: നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന 'ഓട്ടംതുള്ളൽ' സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുമെന്നും രണ്ടാം ഭാഗം ഒരുക്കുമെന്നും സംവിധായകൻ ജി. മാർത്താണ്ഡൻ.
കാഞ്ഞങ്ങാട് ദീപ്തി തിയേറ്ററിൽ നടന്ന വിജയാഘോഷ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയുടെ ഷോയ്ക്ക് മുന്നോടിയായി കേക്ക് മുറിച്ചാണ് ആഘോഷം തുടങ്ങിയത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, ബിനു ശശിറാം, ടിനി ടോം, മനോജ് കെ.യു., ചിത്ര നായർ,ബാലതാരങ്ങളായ ശ്രീപത് യാൻ, റിഹാരാജ് തുടങ്ങിയ താരങ്ങൾ കാണികൾക്കൊപ്പമിരുന്ന് സിനിമ കണ്ടു. ശേഷം പ്രേക്ഷകരോട് സംവദിച്ചു. ദേശീയ അവാർഡ് ജേതാവ് ശ്രീപത് യാനിനെ ചടങ്ങിൽ ആദരിച്ചു. താരങ്ങളെ തിയേറ്റർ ഉടമ രാജ്കുമാർ,നിർമ്മാതാവ് മോഹനൻ നെല്ലിക്കാട്ട് എന്നിവർ സ്വീകരിച്ചു.
കാഞ്ഞങ്ങാട് സ്വദേശി മോഹനൻ നെല്ലിക്കാട്ട് ആധ്യാ പ്രൊഡക്ഷൻസ് അവതരിപ്പിച്ച് ജെ.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവരാണ്. സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്നം ആ ഗ്രാമത്തിന്റെ തന്നെ പ്രശ്നമായി മാറുന്ന കഥയാണ് പക്കാ ഫാമിലി കോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്നത്. ബിനു ശശിറാം ആണ് രചന.
വിജയരാഘവൻ, കലാഭവൻ ഷാജോൺ എന്നിവർക്കൊപ്പം ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ, ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, പൗളി വത്സൻ, സേതുലക്ഷ്മി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിൻ, പാവാട, ജോണി ജോണി യെസ് അപ്പ്, മഹാറാണി എന്നീ ചിത്രങ്ങൾക്ക് ശേഷം ജി. മാർത്താണ്ഡൻ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് 'ഓട്ടംതുള്ളൽ'.
ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ആണ് സംഗീതം. ഛായാഗ്രഹണം പ്രദീപ് നായർ, എഡിറ്റിംഗ് ജോൺകുട്ടി.
No comments