പാമ്പേഴ്സും മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും; പ്ലാച്ചിക്കര വനത്തിൽ മാലിന്യക്കൂമ്പാരം വനസംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് മാലിന്യങ്ങൾ നീക്കം ചെയ്തു
വെള്ളരിക്കുണ്ട്: പാമ്പേഴ്സും മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യക്കെട്ടുകളുമടക്കം മാലിന്യങ്ങൾ പ്ലാച്ചിക്കര വനത്തിൽ നിക്ഷേപിക്കുന്നത് പതിവാകുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി റിസർവ് ഫോറസ്റ്റിലൂടെ കടന്നുപോകുന്ന വെള്ളരിക്കുണ്ട്–ഭീമനടി പി.ഡബ്ല്യു.ഡി റോഡിന്റെ ഇരുവശങ്ങളിലുമാണ് സാമൂഹിക ദ്രോഹികൾ മാലിന്യങ്ങൾ തള്ളുന്നത്.
ഒന്നര കിലോമീറ്ററോളം വരുന്ന റോഡരികിൽ പല ഭാഗങ്ങളിലായി മാലിന്യക്കൂമ്പാരങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. നിരവധി തവണ അധികൃതരും വനസംരക്ഷണ സമിതിയും മുന്നറിയിപ്പ് നൽകിയിട്ടും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടും മാലിന്യം തള്ളുന്നതിൽ മാറ്റമില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഇടമായി വനത്തിലൂടെയുള്ള റോഡരികിനെ ചിലർ കാണുന്നതായും നാട്ടുകാർ പറയുന്നു.
പണ്ട് പരിസ്ഥിതി പ്രവർത്തകർ നിരവധി വനസംരക്ഷണ സമരങ്ങൾ നടത്തി നിലനിർത്തിയതാണ് ഭീമനടി റിസർവ് ഫോറസ്റ്റ്. വനത്തിന്റെ മൂല്യം തിരിച്ചറിയാതെയാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ചുറ്റുവട്ടത്തുള്ള ക്വാർട്ടേഴ്സുകളിലും താമസയിടങ്ങളിലും നിന്ന് താമസം മാറിപ്പോകുന്നവർ ബാക്കിവരുന്ന മാലിന്യങ്ങൾ ഇവിടെ തള്ളുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
മാലിന്യം തള്ളുന്നത് തടയുന്നതിനായി പഞ്ചായത്തുമായി ആലോചിച്ച് ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
പ്ലാച്ചിക്കര വനസംരക്ഷണ സമിതി, ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, പി.ആർ.ടി. അംഗങ്ങൾ, കെ.കെ. സ്മാരക ക്ലബ് അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ ചേർന്നാണ് വിവിധ കാലങ്ങളിലായി തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആരംഭിച്ചത്. വ്യാഴാഴ്ച തന്നെ ഒരു ലോഡ് മാലിന്യം ശേഖരിച്ച് മാറ്റി. ഇനിയും വിപുലമായ പ്രവർത്തനങ്ങൾ നടത്തേണ്ടിവരുമെന്ന് വനസംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.
വെസ്റ്റ് എളേരി പഞ്ചായത്ത് അംഗവും വനസംരക്ഷണ സമിതി പ്രസിഡന്റുമായ സുജിത് പ്ലാച്ചിക്കര , ഭീമനടി സെക്ഷൻ ഫോറസ്റ്റർ സുരേന്ദ്രൻ ഒ., വനസംരക്ഷണ സമിതി സെക്രട്ടറി സുധീഷ് യു., ക്ലബ് അംഗങ്ങളായ സത്യൻ, ബാലകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇരുപതോളം പേരാണ് മാലിന്യം ശേഖരിച്ച് നീക്കം ചെയ്തത്.
No comments