Breaking News

ചെണ്ടുമല്ലിപ്പൂക്കളാൽ പാണത്തൂരിന് പുതിയ ഭംഗി; പിന്നിൽ ടാക്സി ഡ്രൈവർ വിനേഷ്


പാണത്തൂർ : ചെണ്ടുമല്ലി പൂക്കളാൽ അണിഞ്ഞൊരുങ്ങി സുന്ദരിയായി ഏവരേയും കൊതിപ്പിക്കുകയാണ് പാണത്തൂർ. പാണത്തൂരിലെ ജീപ്പ് ടാക്സി ഡ്രൈവർ വിനേഷ് എ.കെ റോഡ് നടുവിലെ ഡിവൈഡറിൽ നട്ട നാൽപതോളം ചെണ്ടുമല്ലി തൈകളാണ് പൂത്തുലഞ്ഞ് പാണത്തൂരിനെ സുന്ദരിയാക്കിയത്.

ഡിവൈഡറിൽ 50 മീറ്ററോളം നീളത്തിൽ പൂത്തുലഞ്ഞ് നിൽക്കുന്ന ചെണ്ടുമല്ലി പൂക്കൾ ആരെയും കൊതിപ്പിക്കുന്നതാണ്. രണ്ടുമാസത്തോളമായി ഇവയുടെ പരിചരണത്തിലാണ് വിനേഷ് . ടാക്സി ജീപ്പ് ഓട്ടത്തിനിടയിലും കള പറിക്കാനും, മണ്ണടുപ്പിക്കാനും, വളമിടാനും, വെള്ളം ഒഴിക്കാനും വിനേഷ് സമയം കണ്ടെത്തുന്നു.

അതിനിടയിൽ ആളുകൾ പൂക്കൾ പറിച്ചെടുക്കാതെ നോക്കുകയും വേണം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾക്ക് വിതരണം ചെയ്ത ചെണ്ടുമല്ലി തൈകളാണ് വിനേഷ് നട്ടു പരിപാലിച്ചത്.

ചെടികൾക്ക് ആവശ്യമായ വളം സജി മോനും, ചെടികൾ നനയ്ക്കാൻ വെള്ളം വിനീത ടെക്സ്റ്റൈൽസിലെ സി.എം വിനോദും നൽകുന്നു. പാ ണത്തൂരിലെ മറ്റു ഓട്ടോ ടാക്സി തൊഴിലാളികളും, ചുമട്ടുതൊഴിലാളികളും, നാട്ടുകാരും ചെടികളുടെ പരിചരണത്തിൽ വിനേഷിൻ്റെ സഹായത്തിനുണ്ട്.

കഴിഞ്ഞ വർഷവും വിനേഷ് ചെണ്ടുമല്ലി പൂക്കൾ നട്ട് പരിപാലിച്ചിരുന്നു. ചെയ്യാനുള്ള മനസ്സും പരിപാലിക്കാൻ കുറച്ചു സമയവും നീക്കി വെച്ചാൽ ലക്ഷങ്ങളൊന്നും ചെലവഴിക്കാതെ തന്നെ ഒരു ടൗണിനെ മനോഹരമാക്കാം എന്ന് കാണിച്ചു തരികയാണ് പാണത്തൂരിലെ ഈ ടാക്സി ഡ്രൈവർ.

No comments