ചെമ്പല്ലിക്കൂട്..; പുഴയോരങ്ങളിൽ ഇന്നും മായാതെ പഴയ മീൻപിടിത്തത്തിന്റെ കാഴ്ചകൾ
ചെറുവത്തൂർ : പുഴയിലും കുളങ്ങളിലും തോടുകളിലുമൊക്കെ മീൻപിടിക്കാൻ പുത്തൻ തന്ത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുമ്പോൾ പരമ്പരാഗതമായ മീൻപിടിത്ത കാഴ്ചകളുണ്ട് ഗ്രാമ പ്രദേശത്തെ പുഴയോരങ്ങളിൽ. വള്ളങ്ങളിൽ പോയി വലയെറിഞ്ഞ് മീൻപിടിക്കുന്ന കാഴ്ചകൾ സുപരിചിതമാണെങ്കിലും ചെമ്പല്ലിക്കൂടൊരുക്കി മീൻപിടിക്കുന്ന കാഴ്ച അത്രമേൽ പരിചയമുണ്ടാകില്ല. മുള ചെത്തി മിനുക്കി വെള്ളത്തിലിട്ട ശേഷം ഉണക്കിയെടുത്ത് കയർ ഉപയോഗിച്ച് കെട്ടിയൊരുക്കി കൈകൊണ്ട് കൂടാരമുണ്ടാക്കുന്നതാണ് ചെമ്പല്ലിക്കൂട്. ഇതിന്റെ ഒരുഭാഗം കയർകൊണ്ട് കെട്ടി കരയിൽകെട്ടി നിർത്താൻ പറ്റും. കയർ ഉപയോഗിച്ച് ചെമ്പല്ലിക്കൂട് പുഴയിലേക്ക് ഇറക്കി വെക്കും. ഇതിൽ മീനുകളെ ആകർഷിക്കാനുള്ള തീറ്റയും ഒരുക്കും. ഇറക്കി വെച്ച കൂടുകളിലേക്ക് ചെമ്പല്ലിയടക്കമുള്ള മീനുകൾ കയറും. എന്നാൽ അവക്ക് തിരിച്ചിറങ്ങാനുള്ള വഴികൾ കണ്ടെത്താൻ സാധിക്കില്ല എന്നതാണ് ഈ കൂടിന്റെ പ്രത്യേകത. അതോടെ മീൻ കൂട്ടിലാകും. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് കൂട് വെള്ളത്തിലാഴ്ത്തിയവർ വന്ന് കൂട് ഉയർത്തുമ്പോൾ പുഴയിലെ ഏറ്റവും രുചികരമായ മീനുകൾ കൂട്ടിലുണ്ടാകും. പ്രധാനമായും ചെമ്പല്ലി, ഇരുമീൻ, കച്ചായി, കല്ലുമീൻ എന്നിവയാണ് കൂട്ടിൽ നിന്നും ലഭിക്കാറുള്ളത്. അധ്വാനം തീരെ കുറവാണെങ്കിലും കൂടിന്റെ വില 1500 രൂപയോളം വരും. മുൻ കാലങ്ങളിൽ മുള ഉപയോഗിച്ചാണ് നിർമിച്ചതെങ്കിൽ ഇപ്പോൾ ഇരുമ്പുകന്പി ഉപയോഗിച്ചാണ് കൂടുകൾ നിർമിക്കുന്നത്. പടന്ന പഞ്ചായത്തിലെ പുഴയോര മേഖലകളിൽ ഇത്തരം കൂട് നിർമാണവും ഇതുപയോഗിച്ചുള്ള മീൻപിടിത്തവും സജീവമാണ്. കൂടാതെ കൂട് വാങ്ങാൻ വിവിധയിടങ്ങളിൽനിന്നും ആളുകളെത്തുകയും ചെയ്യുന്നുണ്ട്. കല്ലുമ്മക്കായ, മുരു, ഇളന്പക്ക തുടങ്ങിയ ഷെൽ മീനുകൾ സീസണുകളിൽ ലഭിക്കുന്ന ഇടം കൂടിയാണ് പടന്ന, വലിയപറമ്പ് പഞ്ചായത്തുകളടങ്ങുന്ന പുഴയോര പ്രദേശങ്ങൾ.
No comments